ആരുമറിയാതെ…

ഒരു കുഞ്ഞു മഴത്തുള്ളിപോലെ
വരണ്ട മണ്ണിന്റെ ദാഹത്തിലേക്ക് ഒരിക്കലൊഴുകി ഞാൻ മറഞ്ഞേക്കാം….
അന്നെന്റെ ഹൃദയം വിത്തുപാകിയ ഭൂമിപോലെ സ്നേഹത്തിന്റെ വേരുകൾകൊണ്ട്  മൂടിത്തുടങ്ങിയേക്കാം….
മഞ്ഞുമൂടിയ കാഴ്ചകൾക്കുമുന്നിലൂടെ അദൃശ്യദേഹത്തെ സ്വാതന്ത്ര്യമാക്കി ഞാൻ തെന്നിമറഞ്ഞേക്കാം…
അപ്പോഴും
ആരുമറിയാതെ എന്റെ നിശ്വാസം ചെറുതെന്നലായ് നിന്നെ തലോടിയേക്കാം..
തണൽതേടിത്തളർന്ന പക്ഷികണക്കെ നിന്റെ ഹൃദയതാളത്തിൽ ഞാൻ മയങ്ങിയേക്കാം…
നിന്റെ കണ്ണുനീർ  നീപോലുമറിയാതെ എന്റെ ചുംബനങ്ങൾ ഒപ്പിയേക്കാം…
ഓർമ്മകൾ കൊണ്ട് നീവരക്കുന്ന ചിത്രങ്ങളെന്നെ പുനർജ്ജനിപ്പിച്ചേക്കാം….
ഒടുവിൽ
സ്നേഹമെന്ന മറയ്ക്കുള്ളിൽ നാം ഒന്നുചേർന്നേക്കാം…. ആരുമറിയാതെ…

അപ്പുപ്പൻതാടി

വരുംജന്മം അപ്പുപ്പൻതാടിയായി ജനിക്കണം..

സമാധിയിലിരുന്ന കൂടുതകർത്ത് ആകാശംമുട്ടാതെ ഭൂമിതൊടാതെ ആർക്കുവേണ്ടിയും കാത്തിരിക്കാതെ ബന്ധങ്ങളുടെ ഭാരക്കണക്കുകൾ എവിടെയും കുറിക്കാതെ ഒഴുകിനടക്കണം…

ഏതെങ്കിലും തോളിൽ പതിയെ തലോടി ഒരു ചെറു പുഞ്ചിരി സമ്മാനിക്കണം.. അവർ നൽകുന്ന സ്നേഹത്തിന്റെ കുഞ്ഞു നിശ്വാസത്തിൽ വീണ്ടും യാത്ര തുടരണം…..

ഒടുവിൽ എവിടെയെങ്കിലും വീണടിയുമ്പോ വീണ്ടും മുളപൊട്ടി ഉയിർത്തെഴുന്നേൽക്കണം…. മരണമില്ലാതെ മറുജന്മമില്ലാതെ അക്ഷീണയായി യാത്ര തുടർന്നുകൊണ്ടേയിരിക്കണം..

ആകാശഗംഗ


കാടിന്നുനടുവിലൂടെ നഷ്ടബോധത്തിന്റെ വേദനകണക്കെ പുളഞ്ഞൊഴുകുകയായിരുന്നു പുഴ..

ജടപിളർന്നു മണ്ണിലേക്കു   പിറന്നപടിയവൾസ്ത്രീയെന്ന ബോധ്യത്തിലേക്ക് കൂപ്പുകുത്തി.

മാനമെന്ന മഹാസമസ്യ ചോദ്യച്ചിഹ്നം പോലെയവളെ തുറിച്ചുനോക്കി.
പടർന്നുപരന്ന കാട്ടുചെടിയുടെ മറവിലേക്ക് തന്റെ നഗ്നതമറയ്ക്കുവാൻ ശ്രമപ്പെട്ടവൾ കിതച്ചു.

ചുടുകാറ്റും ഉപ്പുനിശ്വാസവും ചുരത്തി ആർത്തിയോടെ പ്രാപിക്കുവാൻ വെമ്പും സമുദ്രവൃദ്ധനെ വരിക്കാൻ വിധിക്കപ്പെട്ടു പിറന്നവൾ..

കാട്ടുകുരങ്ങും പന്നിയും മറ്റനേകം കാട്ടുജന്തുക്കളും ആവേഗപൂർവം ആ നഗ്നദേഹം നക്കി കാമദാഹം ശമിപ്പിച്ചുകൊണ്ടേയിരുന്നു….

കാട്ടുകിളികൾ;കൊഞ്ചിച്ചിരിച്ചുകൊണ്ട് അധരങ്ങളിൽ പുണരാനെന്ന ഭാവേന, റാഞ്ചി പറന്നുദൂരേക്കകന്നു അവളുടെ നാഭിച്ചുഴിയിൽ കിടന്നാടിക്കളിച്ച മത്സ്യസൗന്ദര്യത്തെ..

അസ്വസ്‌ഥയെങ്കിലും അധരങ്ങളിൽ മൗനം വിതച്ചുകൊണ്ടപ്പോഴും അവളൊഴുകി,സഹനഭാരം ഹൃദയത്തിലേന്തി പെണ്മയിൽ ഉന്മനിറയ്ക്കുവാൻ മാത്രമായ്..

ദിശതേടിയലയുമൊരുനാൾ കണ്ടുമുട്ടീയവൾ നിശബ്ദസഹനമായ് ഒരുപെൺകൊടി,

നഗ്നമാം മേനിയിൽ നക്കിയ നാട്ടുമൃഗത്തിന്റെ നാവിൻ തിണർപ്പുകൾ;

കൊത്തിയെടുത്ത പ്രാണന്നുപകരം മൗനം വിതച്ചജഡത്തിന്റെ ചുണ്ടുകൾ..

ആ നഗ്നദേഹം കാട്ടുപോന്തയ്ക്കുള്ളിലേക്കാഞ്ഞെറിഞ്ഞാപ്പുഴ അലറികരഞ്ഞുപോയ്‌ ;

കാടുനടുങ്ങികുലുങ്ങിവിറച്ചുപോയ്‌ ;

സഹനം മറന്നവൾ ദിശതെറ്റിഅങ്ങകലെ ആകാശഗംഗയായ്എങ്ങോ മറഞ്ഞുപോയ്……

Peek through the next window…..

Problems are the frequent visitors of our life.. They are too dangerous: only when you are afraid of it….

Let it come and visit you… They may hit you down and fill you with negatives… Never mind… only thing you should do is to peek through the next window….

Your life has many windows which carries positives in you, solutions for you, energies in you and so on.. When problems enter you through one window… Just close that and peek through the next… There you may find the easiest solution for the problem.. Instead, looking through the same window may stress you and beat you up… After getting the solution, come back and open the closed window with courage and face the problem… No way that you fail….

It’s your life… only you can live it…. And you should live it before it leaves you☺️☺️☺️….

രാവ്…⚡️

സൂര്യനെ തേടി അലഞ്ഞൊടുവിൽ പകലിനായ് പ്രാണൻ വെടിയും രാവിൻ കഥയാരോർമ്മിക്കുവാൻ..

നീ കാണും രാവിനിരുട്ടാണ്.. കറുത്തപ്പക്ഷം പോൽ കണ്ണിലേക്കാഞ്ഞു കുത്തും കുറ്റിരുട്ട്..

എനിക്കോ രാവ് കൂട്ടാണ്..പട്ടിണിയൊട്ടിച്ച വയറിലേക്കിറ്റുവീഴും കണ്ണുനീർ തുള്ളിയെ ഒപ്പിമാറ്റും നിശാവസ്ത്രമാണ്..

രാവ് നിനക്കിരുൾ മാത്രമാണ്..

പെണ്മയുടെ നേരിനെ കീറിമുറിക്കുവാൻ മിഴികളിൽ കരിംതുണി വരിഞ്ഞുകെട്ടി ചിന്തകളിൽ ഇരുളിന്റെ പുകമറ ഒരുക്കിയ നിനക്ക് രാവ് ഇരുൾ മാത്രമാണ്..

എനിക്കോ.. രാവൊരു വാതായനമാണ്.. കാലമൊളിപ്പിച്ച ഓർമ്മകൾക്കുള്ളിലേക്ക് കടക്കുവാൻ,ഇരുളിൻ വാത്മീകം ഭേദിച്ച് അറിവിന്റെ പുതിയപുലരിയെ പുല്കുവാൻ…

തന്നിലെ ഇരുളിനെ പകലാക്കുവാൻ സ്വയം പ്രാണൻ വെടിയും രാവിനെ അറിയുക.. രാവായി മാറുക.. ഇരുളിൽ നിന്നുയരുക.. പുതിയ പുലരിയായ് പുനർജ്ജനിതേടുക…..

ആരുണ്യ

ആത്മാക്കളുടെ പ്രണയം

നമുക്കിനി ആദ്യന്തമില്ലാതെ പ്രണയിക്കാം
തിരിനാളം തീയിനെ എന്നപോൽ അത്രമേൽ ആർദ്രമായ്,
സ്വയം കത്തിയെരിയുമ്പോഴും നിന്നിലെ ജ്വാലയെ എന്നിൽ ജ്വലിപ്പിച്ച്
ഇരുളിൽ പ്രകാശമായ് പരിണമിക്കാം..

ഭൂമിയിലെ വേർപാട് നഷ്ടപ്രണയത്തിന്റെ  ചിത്രം വരയ്ക്കുന്നു
നാമതിൽ കാവ്യം രചിക്കുന്നു…
പൊഴിയും ഋതുക്കൾ കാലത്തിനായുസ്സു കൂട്ടുന്നു
നമുക്കോ അവയൊക്കെയും പ്രതീക്ഷകളാണ്… നമ്മിലേക്കെഴുതുവാൻ കാത്തിരിക്കും പുതിയ ചരിതങ്ങളാണ്…

കല്ലറകൾ നമുക്കായി ഉയർത്തപ്പെടട്ടെ, നമ്മുടെ പ്രണയം മഴയായി ഭൂമിയെ പൊതിയട്ടെ
ദേഹം മൺതരിയായി വേരുകളെ പ്രാപിക്കട്ടെ
നാം അനശ്വരതയിലേക്ക് ലയിക്കട്ടെ…

ജനനം കാത്തിരിപ്പാണ്….
മരണത്തിലൂടെ അജയ്യമാം പ്രണയത്തെ വരിക്കുവാനുള്ള കാത്തിരിപ്പ്..
മണ്ണിന്റെ ആർദ്രതയ്ക്കുള്ളിൽ നീയില്ല ഞാനും,
ഇവിടെ നാമാണ്.. നമ്മുടെ മരണമില്ലാ  പ്രണയമാണ്…..

ആരുണ്യ

വയോജന ദിനം….

ഇന്ന് ഒക്ടോബർ 1.ലോക വയോജന ദിനം…

കണ്ണുകളിൽ നിഷ്കളങ്കതയും പുഞ്ചിരിയിൽ കുസൃതിയും നിറഞ്ഞ മറ്റൊരു കുട്ടിക്കാലത്തിലേക്ക് കടക്കപെടുമ്പോൾ, പണവും അലങ്കാരങ്ങളുമല്ല; ഞാൻ ഒപ്പമുണ്ടെന്ന ഒരു വാക്ക്, കൈകളിൽ കൈ ചേർത്ത് സാന്ത്വനത്തിന്റെ ഒരു സ്പർശം അതുമതി അവരെ സന്തോഷിപ്പിക്കുവാൻ… ലോകം തിരിച്ചറിവിന്റേതാവട്ടെ…… 🙏🙏

കാടുകയറിയ ചിന്തകൾ….

അവൾക്ക് പലപ്പോഴും തോന്നാറുണ്ട്; സൂര്യൻ തന്നെപ്പോലെ ഒരു സ്ത്രീയാണെന്ന്. പ്രഭാതത്തിൽ തന്നോടൊപ്പം എഴുന്നേൽക്കുന്ന, മാറ്റാരുടെയൊക്കെയോ സംതൃപ്തിക്കുവേണ്ടി സ്വയം കത്തിയെരിയുന്ന, ഒടുവിൽ ആരെയും ഓർമ്മപ്പെടുത്താതെ യാത്രപോലും ചോദിക്കാതെ കടലിന്റെ അഗാധതയിലെവിടെയോ ഏകയായി മറയുന്ന ; തന്റെ മനസ്സിന്റെ പ്രതിബിംബം  പോലെ…..

അവൾ ആ വലിയ വീട്ടിലെ താമസക്കാരിയായിരുന്നു. ആവശ്യത്തിലധികം പണം സമ്പാദിക്കുന്ന ഭർത്താവ്. നാലുപുറവും ജോലിക്കാർ, പട്ടുപുടവകളുടെയുംആഭരണങ്ങളുടെയും വലിയ ശേഖരം. ഇവയ്ക്കൊക്കെയും പുറമെ അനാവശ്യമായി ഭൂമിയെ മൂടിക്കിടക്കുന്ന കാടുകൾ വെട്ടിത്തെളിച്ച്  പലയിടത്തായി പ്ലാന്റേഷനുകളും അയാൾ നിർമ്മിച്ചിരുന്നു. ഒരു പെണ്ണിന് ആനന്ദിക്കാനുള്ള വകയൊക്കെയും അയാളുടെ ദൃഷ്ടിയിൽ അവിടെ സുലഭമായിരുന്നു. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ അവൾ ; അയാളുടെ ഭാര്യ ഒരു അഹങ്കാരിയായിരുന്നു. അവൾക്കിതിലൊന്നും താല്പര്യമില്ല. അവൾ ആകെ സ്വന്തമാക്കിയത് കുറച്ച് വെള്ളകടലാസ്സുകളും എഴുതാൻ ഒരു മഷിപ്പേനയും മാത്രം. ആ വലിയ വീട്ടിലെ അവളുടെ ആനന്ദം ആകെ ആ മുറിയായിരുന്നു. നിറയെ പുസ്തകങ്ങൾക്കു നടുവിൽ ഒരു കുഞ്ഞു മേശയും ഇരിപ്പിടവുമുള്ള ആ ചെറിയമുറി. അവൾ അയാളോട് ആദ്യമായും അവസാനമായും ആവശ്യപ്പെട്ട ഏക വസ്തുവും ആ മുറി മാത്രമായിരുന്നു.

പലപ്പോഴും ആ വീട്ടിൽ തനിച്ചാക്കപ്പെട്ട അവൾ ആഗ്രഹിച്ച സാന്ത്വനത്തിനും കൊതിച്ച സ്നേഹത്തിനും പകരമായി ലഭിച്ച പട്ടുസാരികളും ആഭരണങ്ങളും അവളിൽ ഒക്കാനമുണ്ടാക്കി… ഹ!! എന്തൊരു ധിക്കാരം.
ഒരിക്കൽ ഒരു രാത്രി ഏറെ വൈകി ആ മുറിയിൽ നിന്നും പുറത്തുവന്ന അവളോട് അയാൾ ചോദിച്ചു,”നിനക്ക് ആ മുറിയിൽ എന്താണിത്ര ചെയ്യുവാൻ?നീ ചോദിക്കുന്നതൊക്കെയും ഞാൻ വാങ്ങി നൽകുന്നുവല്ലോ? എന്നിട്ടും എന്നോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ആകെയുള്ള ഈ മണിക്കൂറുകളിലുംവേണോ നിന്റെയീ എഴുത്തും വായനയും? “
ഓരോ സമയവും ആ മുറിയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും അവളുടെ കണ്ണുകളിൽ തിളങ്ങിയ ആ പേരറിയാത്ത തീക്ഷ്‌ണഭാവം അയാളെ ആസ്വസ്‌ഥനാക്കി. അയാളുടെ ചോദ്യത്തിന് മൗനമായി ഒരു അവഗണന നൽകി അവൾ അടുക്കളയിലേക്ക് നടന്നു.
ദിനങ്ങൾ പടംപൊഴിച്ച് മറയുന്ന സർപ്പത്തെപ്പോലെ ഓർമ്മകൾ ബാക്കിവച്ച് ഇഴഞ്ഞുപോയി. ഓരോ ദിനവും അവൾ സ്വയം തന്നിലേക്ക് കൂടുതൽ പാകമായി ഒതുങ്ങിക്കൊണ്ടിരുന്നു. അയാളുടെ ആവശ്യങ്ങൾ അവൾ യാന്ത്രികമായി നിറവേറ്റി, എത്രയും വേഗം തന്റെ കൂടാരത്തിലേക്ക് ഇഴുകിയലിയണമെന്ന ഒരേയൊരു ചിന്തയോടെ. അനേകായിരം ചോദ്യങ്ങൾ കൊണ്ട് അവളെ അറിയാമെന്നു വ്യാമോഹിച്ച ആയാളും ഒടുവിൽ അവളുടെ മൗനത്തെ തന്നിലേക്ക് ആവാഹിക്കാൻ ശീലിക്കപ്പെട്ടു.

ഒരിക്കൽ പെട്ടെന്ന് ഒരു രാത്രി പതിവിലും വിപരീതമായി അവൾ അയാളുടെ അരികിലെത്തി. എന്തോ പറയാനുറച്ച മട്ടിലുള്ള അവളെ അയാൾ അവിശ്വസനീയമായി നോക്കി. അവളെ തന്റെ അരികിലിരിക്കാൻ ക്ഷണിച്ചുകൊണ്ട് അയാൾ ചോദിച്ചു, “എന്തേ ഇന്നെന്നെ ഓർമിക്കുവാൻ?”എഴുതി അവസാനിപ്പിക്കപ്പെടാത്ത വരിപോലെ അവൾ അയാൾക്കുമുന്നിൽ നിന്നു.അവളുടെ മൗനം അയാളെ ഭ്രാന്തനാക്കി. “നിനക്ക് വായ തുറന്ന് ഒന്ന് മിണ്ടിയാൽ എന്താണ്? ഇത്ര നാളും ഞാൻ ക്ഷമിച്ചു. എനിക്കിപ്പോൾ തോന്നുന്നത് നിനക്ക് മാറ്റാരുമായോ….. “
ആറിയപാൽപോലും ചൂടുപാലായി ഭയക്കുന്ന പൂച്ചയെപ്പോലെ അവൾ അയാളെ നോക്കി. ആ നോട്ടത്തിൽ പുച്‌ഛം കലർന്നിരുന്നുവോ?
“നിനക്ക് ഭ്രാന്താണ്. “അയാൾ പറഞ്ഞു.
അവൾ ദീർഘമായി നിശ്വസിച്ചു. ഒടുവിൽ പറഞ്ഞു, “ഞാൻ പോകുന്നു.”
അത് അയാൾക്ക് അപ്രതീക്ഷിതമായിരുന്നു. എവിടേക്ക് എന്ന് ചോദിക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു. “ശരി. വരൂ ഞാനും വരാം നിന്റെയൊപ്പം. എവിടേക്കാണെങ്കിലും. എന്റെ സ്വത്തുക്കൾ മുഴുവൻ നിനക്കായി ഞാൻ തരാം. നീ ആഗ്രഹിക്കുന്നതെവിടെയാണെങ്കിലും ഞാനും വരാം. “
അവൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു. ചങ്ങല പൊട്ടിച്ചു സ്വതന്ത്രനായ നായിനെപോലെ അവളുടെ ശബ്ദം ആ നാലുചുവരുകൾക്കുള്ളിൽ ഓടിക്കളിച്ചു.
“നിങ്ങൾക് എന്നെ സഹിക്കുവാനാവില്ല. ഞാൻ ഭ്രാന്തിയാണ്.”അട്ടഹാസത്തിനിടയിൽ ഒന്ന് കിതച്ചുകൊണ്ട് അവൾ പറഞ്ഞു. “ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. എനിക്കെന്താണ് വേണ്ടതെന്ന് ഞാനിതാ കണ്ടുപിടിച്ചിരിക്കുന്നു. “
അപ്പോൾ അയാൾ പറഞ്ഞു,”പറയൂ, ഞാൻ കൊണ്ടുവരാം എന്താണെങ്കിലും. എത്ര വിലപിടിപ്പുള്ളതാണെങ്കിലും. വേഗം പറയൂ. “
അവൾ അയാളെ പരിഹാസപൂർവം നോക്കി.
“എനിക്ക് വേണ്ടത് നിങ്ങളുടെ അഭിപ്രായങ്ങൾ കൊണ്ട് നട്ടുനനയ്ക്കപ്പെട്ട നിങ്ങളുടെ ആവശ്യങ്ങൾക്കായി തളിർക്കുകയും പൂവിടുകയും ചെയ്യപ്പെടുന്ന പ്ലാന്റേഷനുകളല്ല. എനിക്കുവേണ്ടത് കാടാണ്. എന്റെ ചിന്തകൾ മുളപൊട്ടി വിരിയുന്ന, എന്റെ വികാരങ്ങൾ വേരൂട്ടി വളരുന്ന, ഞാൻ ഞാനായി അഴുകിജീർണ്ണിച്ച് വീണ്ടും പുനർജ്ജനിക്കുന്ന കാട്. പറിച്ചെറിയപ്പെടാൻ കളകളില്ലാത്ത, ശരിതെറ്റുകളുടെ വേർതിരിവുകളില്ലാത്ത, എന്റെ കിനാവുകൾക്ക് കൂടൊരുകി പാർക്കാൻ, എന്റെ ചിന്തകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കൊടുംകാട്.”

അയാൾ അവളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. കണ്ണീരിനൊപ്പം കലർന്ന് വായിലേക്ക് ഒഴുകിയൊലിച്ച വിയർപ്പുതുള്ളികൾ ആവേശപൂർവ്വം നക്കിയെടുത്തുകൊണ്ട് അവൾ പറഞ്ഞു, “എനിക്ക് തരാൻ മിച്ചമായി  എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാൽ എന്റെ അക്ഷരങ്ങളിലൂടെ നിങ്ങൾക്ക് അവിടം സന്തർശിക്കാം. ഞാൻ അനുവദിക്കുമ്പോൾ മാത്രം.ഇപ്പോൾ ഞാൻ പോകുന്നു….”
പെയ്തൊഴിഞ്ഞ മഴപോലെ അവൾ അവിടെ നിന്ന് പോകുമ്പോൾ ആശാന്തമായ വലിയൊരു കാട് തന്നെ പൊതിയുന്നത് ഭയപ്പാടോടെ അയാൾ തിരിച്ചറിഞ്ഞു…….