ഒറ്റയ്ക്കിരിക്കുമ്പോൾ

വിടർന്നുപന്തലിച്ച ചില്ലകൾക്കു നടുവിലേക്ക് ആവേഗപൂർവം ഊർന്നിറങ്ങും അരുണബിന്ദുക്കൾ രാവിലൂറിയ ഹിമകണം ഉള്ളിലേക്കാർത്തിയോടൂറ്റി കുടിക്കുന്നതത്രയും നിസ്സംഗമായ് നോക്കികിടക്കവേ
എത്ര മനോഞ്ജമായിരുന്നാക്കാലമെന്ന്  അത്രയും വേപഥുപൂണ്ടോർത്തു കിടക്കവേ
ചുറ്റുമോടി ചിലമ്പിച്ച കാലൊച്ചകൾ  ഇന്ന് നിശ്ശബ്ദമായീ കാലടികൾക്ക് കീഴേയൊളിക്കവേ,
എത്ര സൗഹാർദ്ദങ്ങൾ, നീ, ഞാൻ നമ്മളൊക്കെയും
എന്നിൽ മാത്രമായ് ചുരുങ്ങിയൊതുങ്ങവേ,
എന്റെ കൈമേൽ കൊരുത്ത നിൻകൈകൾ ഓർമയിൽ നനവുമാത്രം ബാക്കിവച്ചകലവേ
എത്ര വിചിത്രമായ് തോന്നിയീ ലോകം….
ഒറ്റയ്ക്കുവന്നീ  ഭൂമിയിലേക്കിനി ഒറ്റയായ്തന്നെ അകലുവാനുള്ളതും
ഇടയിലുള്ളീ ഒറ്റപ്പെടൽ മാത്രം ഒരുവാക്കിലോതാനാവാത്ത നൊമ്പരം :എങ്കിലും,

ഓടിയോടി തളർന്നുവീഴും മുൻപ് ഓർമ്മകൾക്കായൽപ നേരം പൊഴിക്കുവാൻ
ഒറ്റയ്ക്കിരിക്കട്ടെ ഞാൻ
നാളെ വീണ്ടും എന്നെ മറന്നലയുവാൻ
ഇന്നല്പനേരം ഞാനായിരിക്കട്ടെ ഞാൻ
രാവ്‌ വേഗം പകലായി മാറട്ടെ
“ഞാൻ”വീണ്ടും “നമ്മളായ്” തീരട്ടെ…….

ശ്വാസം മുട്ടുന്ന വാക്കുകൾ…..

മതിഭ്രമം ബാധിച്ച ചിന്തകൾ
ജരാനര വീണ് ചത്തുപോയ് വീണ്ടും ;മറവിയുടെ കുഴിമാടത്തിൽ നിന്ന് ഉയിർകൊണ്ടുവന്ന് പേടിപ്പെടുത്തുമോർമ്മകൾ..

ഉള്ളിൽ കത്തുന്ന തീക്കനലുകൾ, മൂടിവച്ച മുഖം മൂടി  ചിരികൾക്കുള്ളിൽ പെട്ടുപോയ ശ്വാസകാറ്റുപോൽ വീർപ്പുമുട്ടും വാക്കുകൾ…

വായ്ക്കോണിലൂറിയ ഛർദ്ദിൽ സ്‌ഥലകാല ബോധ്യത്തിൽ തിരികെ വിഴുങ്ങും പോലെ അത്രയും ദുസ്സഹമായ് ഉള്ളിലമർന്നുപോം വാക്കുകൾ..

ഒരിക്കൽ എന്നെങ്കിലും എന്റെ നിശ്ശബ്ദതയിൽ തട്ടി വാക്കുകൾ വക്കുപൊട്ടിയുടഞ്ഞേക്കാം
നിറഞ്ഞുവീർത്ത ചിതാഭസ്മക്കുടം കൈതട്ടി വീണുടയും പോലെ അത്രമേൽ ദുസ്സഹമായ് അവ നിങ്ങളിൽ പതിച്ചേക്കാം

എങ്കിലും ശ്വാസം മുട്ടുന്ന വാക്കുകൾക്കതൊരു ആശ്വാസമായേക്കാം…
ഒപ്പം ചങ്ങലകൂട്ടിലെ എന്റെ കിനാക്കളുടെ സ്വാതന്ത്ര്യവും…….

നുണ…

IMG_20210717_121726.jpg

ഞാൻ നമുക്കായി വരച്ചുതീർത്ത ചിത്രങ്ങളിലൂടെ അതിവേഗം അപ്പുറത്തേക്ക്  കടക്കുവാനായിരുന്നു നീ എന്നും തിടുക്കപ്പെട്ടത്….

അത്രയും പ്രണയത്തോടെ ഞാൻ കുറിച്ചുവച്ച വരികൾക്കിടയിലൂടെ ഞൊടിയിടകൊണ്ട് ഓടി മറുകരയെത്താൻ ശ്രമിച്ചു.. അതിനിടയിലൊക്കെയും ശ്വാസം കിട്ടാതെ പിടഞ്ഞ എന്റെ മനസ് നീ കണ്ടതേയില്ല..

എന്റെ മിഴികളിലേക്ക് നോക്കികൊണ്ട് നീ അതിന്റെ ഭംഗി മാത്രമാണ് കണ്ടത്.. അതിനുള്ളിൽ ആഴത്തിൽ ഇരുണ്ടുകൂടിയ  കാർമേഘത്തുണ്ട് ഇരമ്പിതുടങ്ങിയത് നീ അറിഞ്ഞതേയില്ല..

വൃണപ്പെട്ട് തേങ്ങിയ ആത്മാവിനെ പൊതിഞ്ഞ ശരീരം മാത്രം നീ അനുഭവിച്ചു.. വെറും ശരീരത്തിൽ തൊട്ടുകൊണ്ട് നീ പറഞ്ഞു ഞാൻ അത്രയും സുന്ദരിയാണെന്ന്. ഓരോ സ്പർശത്തിലും വൃണം പൊട്ടിയ വേദനയിൽ അത്രയും ദുസ്സഹമായ ആത്മാവിനെ ഒരു നിമിഷമെങ്കിലും നീ കണ്ടിരുന്നെങ്കിലെന്ന് വെറുതെ ഞാൻ ആശിച്ചിരുന്നു…

ഒടുവിൽ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന ഒറ്റവരിയിൽ നീ എന്റെ ഹൃദയത്തിൽ മരിച്ചുവീഴുകയാണ്….
മറ്റൊന്നും കാരണമായില്ല… ഒന്നുമാത്രം -നീ പറഞ്ഞ നുണയിൽ എന്റെ ഹൃദയം അത്രമേൽ കത്തിയെരിഞ്ഞുപോയി……

ഓർമ്മിക്കാൻ ഒരു പ്രണയദിനം…

ഒരു ദിനം കൊണ്ട് അനുഭവേദ്യമാകുന്ന അത്രയേറെ സരളമായ വികാരമാണോ പ്രണയം? ഹൃദയം കൊണ്ടറിയുകയും ആത്മാവുകൊണ്ട് അനുഭവിക്കുകയും ചെയ്യുന്ന, വാക്കുകൾകൊണ്ട് പോലും ചിലപ്പോൾ പ്രകടമാക്കാൻ സാധിക്കാത്ത അത്രയേറെ കഠിനമായ പ്രണയമെന്ന അനുഭൂതിയെ വെറും 24 മണിക്കൂറെന്ന ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് എന്ത് വിഡ്ഢിത്തമാണ്….

പ്രണയമെന്നും വഴിനടത്തുന്നതാവണം… ചിരിക്കുമ്പോൾ ഒപ്പം ചിരിക്കുമ്പോലെ കരയുമ്പോ ഒപ്പം ചേർക്കാനും കഴിയണം… ആകാശത്തിനു കീഴിലുള്ളതെന്തും ധൈര്യപൂർവ്വം ചർച്ചചെയ്യപ്പെടുന്ന ചെറിയ വലിയ ലോകമാകണം… ഹൃദയം കൊണ്ട് ഹൃദയത്തെ തൊട്ടറിയുന്നതാവണം…. വഴക്കുകൾ വേണം…. വഴക്ക് തീർക്കാൻ തമ്മിൽ മത്സരം വേണം…. അങ്ങനെ അങ്ങനെ ഈ വലിയ ലോകം മുഴുവൻ രണ്ടു പേർക്കിടയിലെ കൊച്ച് വിടവിൽ പണിതുയർത്താൻ കഴിയണം….

ഇതിനൊക്കെയും ഒരു ജന്മം പോരെന്നിരിക്കെ… പ്രണയം കച്ചവടമാക്കുന്ന പ്രണയദിനമെന്തിന്?? യഥാർഥ പ്രണയം അന്യമാകുന്ന ഈ ലോകത്ത് ഒരുപക്ഷെ ഇങ്ങനെയൊരു ദിനം ആവശ്യമായിരിക്കാം, പ്രണയമെന്നത് അധികാരമല്ലെന്ന് ഓർമപ്പെടുത്താൻ അതിന് ഈ ഒരു ദിനം മാത്രം മതിയാവില്ലന്ന് ഓർമപ്പെടുത്താൻ…..

ഞാൻ നീയും നീ ഞാനും ഈ ലോകം നമ്മുടേതുമാകുമ്പോ… കാണുന്നതെന്തും കേൾക്കുന്നതെന്തും പ്രണയമാകുമ്പോ… നമുക്കിതും മറ്റേതൊരു ദിനം പോലെ മാത്രം……

ആരുണ്യ

പ്രണയച്ചിത…..

വിധിയൊരുക്കിയ ചിതയിൽ കത്തിയെരിഞ്ഞ് മരണം കാത്തുനിൽക്കും പ്രണയമേ… നിനക്കുവേണ്ടി….

കത്തിപടർന്നൊടുവിൽ കനൽ മാത്രം കെടാതെ, വീണ്ടും എരിഞ്ഞെങ്കിലെന്ന പ്രതീക്ഷയിൽ പ്രണയം ചിതയിൽ ചിതറികിടക്കുന്നു…

ഹൃദയം മുറിഞ്ഞൊഴുകിയ ചോരയുടെ ഇനിയും ശമിക്കാത്ത കടുത്ത ഗന്ധം.. വായ്ക്കോണിലൂടെ അവസാനമായ് നീയേകിയ ജലത്തിന് നിന്റെ മൊഴിപോലെ മധുരം..

കത്തിയെരിയുന്നതിൻ മുൻപ്,അവസാന കാഴ്ച നഷ്ടപ്പെടും മുൻപ് മങ്ങിയ മിഴിയിലൂടൂർന്നിറങ്ങിയ നിന്റെ രൂപം…

കഠോര ശബ്ദത്തോടെ പൊട്ടിച്ചിതറിയ തലയോട്ടിയ്ക്കിടയിലൂടെ ബന്ധനങ്ങളിൽ നിന്ന് മോചനംനേടിയ നിന്റെ ഓർമ്മകൾ ഇനിയും കത്താൻ വിസമ്മതിച്ചുകൊണ്ട് ഓടിയോളിക്കുന്നു…

എന്റെ ജീവൻ നിന്നിലവസാനിക്കുന്നു… നിന്നിൽ നിന്നും പുതിയ പ്രണയം പിറക്കട്ടെ…നിന്റെ ശ്വാസം ചെറുക്കാറ്റുപോലെ… പുതുമഴ പെയ്തണയും മുൻപായ് കെടാൻ  വെമ്പിനിൽക്കും എന്റെ പ്രണയചിതയുടെ കനലിനെ ഊതിത്തെളിച്ചിടട്ടെ…..

കാലമേ… നീ തന്നെ ഒടുവിലെ സാക്ഷി…..

ദുഃഖം…

വാൾമുന അവസാന വേരറുത്തപ്പോഴും മരം വേദനിച്ചത് അതിന്റെ നെഞ്ചിൽ കൂടൊരുക്കിയ കിളിക്കുഞ്ഞിനേയും, അതിന്റെ ഇലയിൽ പുതിയ ജന്മം കാത്തിരുന്ന ശലഭകുഞ്ഞിനേയും,പിന്നെ തണലിനായ്,ദാഹജലത്തതിനായ്, ഒരിറ്റുശ്വാസത്തിനായ് കേഴുന്ന, മനുഷ്യാ; നിന്റെ നാളേയുമോർത്തിട്ടയിരുന്നു…

മാഞ്ഞുപോയ മഴക്കാലത്തിന്റെ ഓർമ്മയ്ക്കായ്……

മണ്ണിന് വിണ്ണിന്റെ മേഘസന്ദേശം നൽകി പെയ്തൊഴിഞ്ഞ തുലാവർഷ സന്ധ്യയ്ക്ക്; മിഴിനീർ മഴനീരാലൊപ്പി കാട്ടുവേഴാമ്പലും, ചെറുതേങ്ങലോടെ കാട്ടുപുഴയും യാത്രാമൊഴിയേകി..

“തിരികെയിനി എന്നുവരുമെന്നറിയില്ല, കാലം കൈപിടിച്ചൊരുപാട് ദൂരം നടത്തിയേക്കാം..

ഋതുക്കൾ എന്നേക്കാൾ കരുത്തേറിയത് , സുഗന്ധം പൊഴിച്ചത്, മഞ്ഞിൽ പുണർന്നത് ഒക്കെയും വന്നുപോകാം… ഇനിയൊരുവരവിൽ ഒരുപക്ഷെ നിങ്ങളെന്നെ മറന്നേക്കാം… എന്റെ ശബ്ദം നിങ്ങൾക്കന്യമായേക്കാം…എങ്കിലും പോകാതിരിക്കാനാവതില്ലല്ലോ… ദാഹിച്ചിടറും നാവുകൾ, വരൾമണ്ണിൻ വിണ്ടുകീറിയ കണ്ഠം.. ഇവയൊക്കെയും എനിക്കായ് പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ അതു കാണാതിരിക്കാനെനിക്കാവതുണ്ടോ?ഇനിയും വരാമെന്ന വാക്കിന്റെ മറവിൽ ദുഃഖമൊതുക്കി, മടങ്ങിവരാൻ ഞാൻ പോയിടട്ടെ….”

പോയ്‌വരൂ, കാലമിനിയും കറങ്ങി വരുന്ന നാൾ, ഋതുക്കൾ പൊഴിഞ്ഞും വിരിഞ്ഞും ചിരിച്ചും കരഞ്ഞും ഒടുവിൽ വീണ്ടും നിന്നിലേക്കെത്തുന്ന നാൾവരെ… കാത്തിരുന്നോളാം

മറവിപോലും മറന്നുപോകും വിധം നിന്റെ ഓർമ്മകൾ കാത്തുവച്ചോളാം….

പോയ്‌വരൂ, വരൾനാവിൽ നിൻ ജീവൻ പകർന്നൊഴുകിപ്പരക്കൂ,

നീ തന്ന പ്രണയം നിൻ കുളിർപോലെ കരളിലേക്കൊഴുകുന്ന നാൾ വരെ, പുതുമഴയായി നീ വരും നേരത്തിനായ് നിന്നെ പ്രതീക്ഷിച്ചു മിഴിയടച്ചീടാം….

പോയ് വരൂ…. പോയ്‌ വരൂ……

ഒരുജാതി കേരളം….

ഇതൊരു കഥയല്ല….സാംസ്കാരിക കേരളത്തിന്റെ ഒരു നേർകാഴ്ചയാണ്…96.2% ശതമാനം സാക്ഷരത നിരക്കുള്ള കേരളം.. അതായത് ഇപ്പോൾ നിലവിലുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിൽ മുൻനിരയിലുള്ള സംസ്‌ഥാനം… മാറ്റങ്ങളുടെ പരമകോടിയിലെത്തിയെന്ന് സ്വയം വിശ്വസിക്കുന്ന കുറച്ച് മനുഷ്യരുടെ ആവാസകേന്ദ്രം…വളർച്ചയിൽ ഒന്നാമതാണ് കേരളം എന്ന് ഞാനും വിശ്വസിച്ചിരുന്നു നിങ്ങളെ പോലെ… അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിക്കുന്നതിനു തൊട്ട് മുൻപുവരെ മാത്രം…

മനോഹരമായ ചില്ലുപത്രത്തിൽ മൂടിവച്ച അളിഞ്ഞ മാംസക്കഷണം മാത്രമാണ് ഈ മാറ്റങ്ങൾ. പുറമേയ്ക്ക് മാത്രം അതിസുന്ദരമായ, ശരീരികവും മാനസികവുമായി മാറ്റങ്ങളുടെ കൊടുമുടികീഴടക്കിയ നല്ല നാട്.. എന്നാൽ അല്പംനേരത്തേക്ക് ആ ചില്ലുമൂടിയൊന്ന് അഴിച്ചുവച്ചാൽ പഴകിയ ചിന്തകളുടെയും, അഴുകിയൊലിച്ചു പുഴുവരിച്ചിട്ടും മനസിലിട്ട് അയവിറക്കുന്ന പഴയ മേൽകോയ്മ പ്രമാണിത്തത്തിന്റെയും അടങ്ങാനാവാത്ത ദുർഗന്ധത്തിൽ മുങ്ങിപ്പോവും ഈ സുന്ദരസുരഭില കേരളം… ജാതിചിന്തകൾ വെടിഞ്ഞ മലയാളി.. ഉച്ചത്തിലൊരു ജാതിപേര് വിളിച്ചാൽ അവിടെ തീർന്നു കഥ!! എന്നാലും കൊച്ചിന്റെ പേരിന്റൊപ്പം ഒരു ‘നായർ’ അല്ലെങ്കിൽ‘നമ്പൂതിരി’അതൊരു രസാ… കീഴ്ജാതി മേൽജാതി എന്ന് ഉച്ചരിക്കാൻ പാടില്ലെങ്കിലും, മനുഷ്യരെല്ലാം ഒന്നാണെങ്കിലും മകളെ /മകനെ മേൽജാതിയിൽ തന്നെ കല്യാണം കയ്ച്ചയക്കണം.. അതൊക്കെ നമ്മുടെ നാട്ടുനടപ്പല്ലേ പിള്ളേച്ചാ…..

പണ്ട് ഒരു ഇല്ലത്തെ അന്തർജ്ജനം കീഴ്ജാതിയിൽ പെട്ടവനെ അറിയാണ്ടൊന്ന് നോക്കിപ്പോയാൽ അവളെ ‘പടിയടച്ചു പിണ്ഡം വയ്ക്കുന്ന ‘സമ്പ്രദായം നിലവിലുണ്ടായിരുന്നു… ആ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി സങ്കൽപ്പിച്ച് മരണശേഷമുള്ള ക്രിയകൾ നടത്തി അവളെ വീട്ടിൽനിന്നും ക്രൂരമായി ഇറക്കിവിടും. ശേഷിച്ച ജീവിതം അവൾ അറിയാതെകണ്ട ആ മനുഷ്യന്റെ പത്നിയായി ജീവിച്ചു മരിക്കും…. എന്നാൽ ഇന്ന് കേരളം മാറി…. സാംസ്കാരികമായി വളർന്നു… മകൾ മറ്റൊരു ജാതിയിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അന്നത്തെപോലെ മരിച്ചതായി സങ്കൽപ്പിച്ചു ബലിയിടാനൊന്നും മെനക്കെടാതെ ഒറ്റവെട്ടിന് ഭർത്താവിനെ കൊന്ന് മകളെ വിധവയാക്കി അവൾ നഷ്ടപ്പെടുത്തിയ കുടുംബത്തിന്റെ അന്തസ് തിരിച്ചുപിടിക്കാം … പിന്നെ കണ്ണുകെട്ടിയ നീതിദേവതയ്ക്കുമുന്നിൽ എറിയുന്ന നോട്ടിന്റെ പച്ചമണത്തിൽ മരിച്ചവന്റെ ചോര അലിഞ്ഞു ചേർന്നോളും….. ഇതൊക്കെയും കണ്ട് ജാതിയിൽ താന്നവനെ ‘ഹരിജൻ ‘എന്നുപേരുചൊല്ലി വിളിച്ച് മനുഷ്യനൊന്നാണെന്ന് പഠിപ്പിക്കാൻ ശ്രമിച്ച ഗാന്ധി ഈ നെറികെട്ട ലോകത്തുനിന്ന് തന്നെ രക്ഷപെടുത്തിയതിന് ഗോഡ്‌സെയ്ക്ക് നന്ദി പറയുന്നുണ്ടാവാം…

താഴ്ന്നജാതിയിൽ പെട്ട കുട്ടിക്ക് റിസർവേഷൻ.. മറ്റൊരു മാറ്റത്തിന്റെ പതാക.റിസർവേഷൻ കിട്ടിയ കുട്ടി അഭിമാനത്തോടെ പറയുന്നു ഞാൻ താഴ്ന്ന ജാതിയിൽ പെട്ടതുകൊണ്ട് റിസർവേഷൻ ഉണ്ടെന്ന് .. ജാതിപറയുമ്പോ ഉണ്ടായിരുന്ന നാണക്കേടൊക്കെ എവിടേക്കോ ഓടിയൊളിക്കുന്നു…എന്നാൽ ആവശ്യമില്ലാത്ത ആ റിസർവേഷൻ കൊണ്ട് ആത്മാർഥമായി പഠിക്കാൻ ആഗ്രഹമുള്ള എത്ര കുട്ടികളാണ് പഠിക്കാനാവാതെ പോകുന്നത്.. അപ്പോഴും ആരുമില്ലാതെ തുരുമ്പെടുത്തു കിടക്കും റിസർവേഷൻ എന്ന് പേരിട്ട ആഭാസം…. പഠിക്കാനെങ്കിലും ജാതി നോക്കാത്ത കാലം എന്നെങ്കിലുമുണ്ടാകുമോ? കഴിവുകൊണ്ട് മാത്രം നേടിയെടുക്കുന്ന ഡിഗ്രീകളുടെ കാലം ഇനിയും വിദൂരമാണ്.. ജാതിയുടെ ഉന്നമനമല്ല മനുഷ്യന്റെ ഉയർച്ചയാണ് ആവശ്യമെന്ന് ഇനിയെങ്കിലും രാഷ്ട്രീയപാർട്ടികളും സന്നദ്ധസങ്കടനകളും മനസിലാക്കിയാൽ…..

ഈ ഉയർന്ന താഴ്ന്ന ചിന്താഗതി മാറില്ല… എത്രയൊക്കെ മാറിയെന്നു എഴുതി നെറ്റിയിലൊട്ടിച്ചാലും ഉള്ളിലെ ചീഞ്ഞളിഞ്ഞ ചിന്തകൾ മാറ്റാതെ വളരില്ല ഒരിക്കലും…. ജാതി കച്ചവടമാക്കുന്ന മാട്രിമോണിയൽ സൈറ്റുകളും, തങ്ങളുടെ പ്രെസ്റ്റീജ് ഉയർത്താൻ മാത്രം മക്കളെ വളർത്തുന്ന മാതാപിതാക്കളും, മകൾ /മകൻ ഞാൻ ചിന്തിക്കുന്ന ജോലി ചെയ്ത് ഞാൻ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്ന ജീവിതം മാത്രം ജീവിക്കണം എന്ന പിടിവാശിക്കാരും ഉള്ളിടത്തോളം ദുരഭിമാനകൊലകൾ വർദ്ധിച്ചുകൊണ്ടേയിരിക്കും.. മാധ്യമങ്ങൾക്ക് പുതിയ പുതിയ വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും……

ഇനിയുമിതുപോലെ അനേകായിരം ഉദാഹരണങ്ങൾ കണ്മുന്നിൽ നിറഞ്ഞിരിക്കുന്നു.. എത്ര അരുംകൊലകൾ… അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തിയ സ്ത്രീകൾ മുതൽ ജനിച്ച് വീണ കുഞ്ഞു വരെ തങ്ങളുടെ ദുർഗന്ധിയായ അനുഭവങ്ങളെ വർണക്കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്നു… എന്നിട്ട് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു ഇതാണ് കേരളം… മാറ്റത്തിന്റെ പറുദീസ…..

വിണ്ണിലലിഞ്ഞ സുഗന്ധം….

ഒരു നനുത്ത രാത്രിമഴ പോലെ പെയ്തൊഴിഞ്ഞ വസന്തമായിരുന്നു സുഗതകുമാരിടീച്ചർ.. നരകതുല്യമായ അനേകായിരം ജീവനുകൾക്ക് സ്നേഹം കൊണ്ട് സ്വർഗംനിർമിച്ച് യാത്രയായ മലയാളത്തിന്റെ പ്രിയ കവയിത്രി.. ലഭിച്ച വെയിലിനും, ചുമടിനും, കാടിനും, കിളികൾക്കും, കുത്തിനോവിച്ച വേദനകൾക്കും വരെ നന്ദിചൊല്ലിയടർന്നുവീണ നനുത്ത സുഗന്ധം…

മക്കളുടെ നന്മമാത്രമാഗ്രഹിക്കുന്ന ഒരു അമ്മ മനസ്സായിരുന്നു സുഗതടീച്ചറുടേത്.. അനുസരണയില്ലാത്ത കുട്ടികളെ ഒരുപാട് ശകാരിച്ചു.. തെറ്റുകളെ വാക്കുകളുടെ ചുവന്ന മഷിയാൽ അടയാളമിട്ടു… ഒരു മാത്രപോലും തിരിഞ്ഞുനോക്കാൻ തുനിയാതിരുന്ന നമ്മൾ അതൊന്നും കണ്ടതേയില്ല.. കേൾക്കുവാൻ ചെവിയോർത്തിരുന്നതുമില്ല… എങ്കിലും അമ്മ പറഞ്ഞുകൊണ്ടേയിരുന്നു… ഒടുവിൽ പ്രാണൻ പകുത്ത് മരിച്ചുവീഴാറായ കാടിനും തകർന്നുവീഴാറായ ഹൃദയത്തിനും നൽകി സ്നേഹം കൊണ്ട് മായ്ച്ചുകളയാനാവാത്ത കയ്യൊപ്പുചാർത്തി പതിയെ പറന്നകന്നുപോയി….

മരണത്തിനു നൽകേണ്ട ബഹുമതികളൊക്കെയും എതിർത്തിരുന്ന ടീച്ചർ ആഗ്രഹിച്ചിരുന്നത് ശവപുഷ്പങ്ങളില്ലാത്ത ആചാരവെടിമുഴങ്ങാത്ത ശാന്തമായ മടക്കമായിരുന്നു… അന്ത്യാഭിലാഷം നിറവേറാതെ ആ കവിമനസ്സ് തേങ്ങിയിരിക്കാം… എങ്കിലും അനുസരണയില്ലാത്ത മക്കളുടെ നന്മയ്ക്കുവേണ്ടി പ്രകൃതിയെപ്പോലെ ആ അമ്മമനസും പ്രാർഥിച്ചിരിക്കാം……

ഭ്രാന്തിയെപ്പോലെ അഴിച്ചുലച്ച മുടിയുമായി വന്ന ‘രാത്രിമഴ’യുടെ കുളിരിലൂടെ എന്റെ ഹൃദയത്തിലേക്ക് കടന്നു ,പിന്നീട് തന്നെയറിയാത്ത കൃഷ്ണനെ മനസ്സിൽ ധ്യാനിക്കുന്ന രാധയായി, ചിറകൊടിഞ്ഞു വിലപിച്ച കാട്ടുപക്ഷിയായി,അനാഥയായ പെൺകുഞ്ഞായി അങ്ങനെ അങ്ങനെ വാക്കുകളിലൂടെ എന്നിലേക്ക് കിനിഞ്ഞിറങ്ങിക്കൊണ്ടേയിരുന്നു…..

ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലയെങ്കിലും ആ മരണം നനയിച്ച എന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു എന്റെ ഹൃദയം താങ്കളെ ആരാധിച്ചിരുന്നു…. ഒരു നിമിഷമെങ്കിലും താങ്കളെപോലെയാവാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ പ്രാർഥിച്ചിരുന്നു…

നന്ദി… കാലത്തിനു കെടുത്താനാവാത്ത ആ തീ സ്നേഹമാണെന്ന് പഠിപ്പിച്ചതിന്… ജീവിതം കൊണ്ട് കാണിച്ചുതന്നതിന്…… എന്നെന്നും പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം…🙏

അതെ, ചില സ്നേഹം അങ്ങനെയാണ്…

അതെ, ചില സ്നേഹം അങ്ങനെയാണ്… വേർപാട് ബാക്കിയാക്കുന്ന ഒരു വലിയ ശൂന്യത മാത്രം അളവുകോലാക്കിയ ചില സ്നേഹബന്ധങ്ങൾ.. ഒരുപക്ഷെ നമ്മുടെ സ്നേഹം അവർ അറിയുന്നുപോലും ഉണ്ടാകില്ല.. അവർക്ക് അത് ഭയമായിരിക്കും ഒരുപക്ഷെ. നമ്മൾ ഒരുക്കികൊടുക്കുന്ന സാഹചര്യങ്ങൾ എത്രത്തോളം പരിമിതമായിരിക്കും അവർക്ക്.. നമ്മൾ കൊടുക്കുന്ന ഭക്ഷണം വിശപ്പുമാറാനായി മാത്രം ഭക്ഷിച്ചു ജീവിച്ച് മരിക്കുന്നവർ..നമുക്ക് കാവലായി, ചിലപ്പോൾ അലങ്കാരത്തിനായി, ചിലപ്പോ നമ്മുടെ പണത്തിന്റെ ഹുങ്ക് കാണിക്കുവാൻ, മറ്റുചിലപ്പോ ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ഒരു കൂട്ടിന്….

ഒരുപക്ഷെ അവയുടെ വേദന നമുക്ക് ഒരു ആഹ്ലാദമായിരിക്കാം… നമുക്ക് മുൻപിൽ അവർ നിസ്സാരരായിരിക്കാം….എങ്കിലും അവരുടെ സ്നേഹം കളങ്കമില്ലാത്തതാണ്… കാറിനുപിന്നിൽ കെട്ടിയിട്ട് ദൂരദൂരം വലിച്ചുരച്ച് കൊണ്ടുപോയിട്ടും തന്നെ രക്ഷിച്ച മനുഷ്യന്റെ ഒരു ഞൊടിക്കുള്ളിൽ ഓടിയെത്തുന്ന നായയുടെ സ്നേഹത്തോളം പരിശുദ്ധി മനുഷ്യനിലുണ്ടോ??.. അറിയില്ല…
പക്ഷേ ഒന്നെനിക്കറിയാം സ്നേഹം അതൊരു മാന്ത്രികതയാണ്….അതിന് പരസ്പരം ഒരു തിരിച്ചറിവ് പോലും വേണ്ട… വേണമായിരുന്നുവെങ്കിൽ ഇന്നെനിക്ക് നഷ്ടമായ ആ കുഞ്ഞുമീനിന്റെ ശൂന്യത എന്നെ ഇത്രയേറെ അലട്ടില്ലായിരുന്നു ഇതെഴുതുവാൻ തക്കവണ്ണം….

അതെ സ്നേഹമൊരു ഭാഷയാണ്…. നഷ്ടപ്പെടുന്നവന് മാത്രം തിരിച്ചറിയാൻ കഴിയുന്ന വേദനയുടെ ഭാഷ….