ഓർമ്മിക്കാൻ ഒരു പ്രണയദിനം…

ഒരു ദിനം കൊണ്ട് അനുഭവേദ്യമാകുന്ന അത്രയേറെ സരളമായ വികാരമാണോ പ്രണയം? ഹൃദയം കൊണ്ടറിയുകയും ആത്മാവുകൊണ്ട് അനുഭവിക്കുകയും ചെയ്യുന്ന, വാക്കുകൾകൊണ്ട് പോലും ചിലപ്പോൾ പ്രകടമാക്കാൻ സാധിക്കാത്ത അത്രയേറെ കഠിനമായ പ്രണയമെന്ന അനുഭൂതിയെ വെറും 24 മണിക്കൂറെന്ന ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് എന്ത് വിഡ്ഢിത്തമാണ്….

പ്രണയമെന്നും വഴിനടത്തുന്നതാവണം… ചിരിക്കുമ്പോൾ ഒപ്പം ചിരിക്കുമ്പോലെ കരയുമ്പോ ഒപ്പം ചേർക്കാനും കഴിയണം… ആകാശത്തിനു കീഴിലുള്ളതെന്തും ധൈര്യപൂർവ്വം ചർച്ചചെയ്യപ്പെടുന്ന ചെറിയ വലിയ ലോകമാകണം… ഹൃദയം കൊണ്ട് ഹൃദയത്തെ തൊട്ടറിയുന്നതാവണം…. വഴക്കുകൾ വേണം…. വഴക്ക് തീർക്കാൻ തമ്മിൽ മത്സരം വേണം…. അങ്ങനെ അങ്ങനെ ഈ വലിയ ലോകം മുഴുവൻ രണ്ടു പേർക്കിടയിലെ കൊച്ച് വിടവിൽ പണിതുയർത്താൻ കഴിയണം….

ഇതിനൊക്കെയും ഒരു ജന്മം പോരെന്നിരിക്കെ… പ്രണയം കച്ചവടമാക്കുന്ന പ്രണയദിനമെന്തിന്?? യഥാർഥ പ്രണയം അന്യമാകുന്ന ഈ ലോകത്ത് ഒരുപക്ഷെ ഇങ്ങനെയൊരു ദിനം ആവശ്യമായിരിക്കാം, പ്രണയമെന്നത് അധികാരമല്ലെന്ന് ഓർമപ്പെടുത്താൻ അതിന് ഈ ഒരു ദിനം മാത്രം മതിയാവില്ലന്ന് ഓർമപ്പെടുത്താൻ…..

ഞാൻ നീയും നീ ഞാനും ഈ ലോകം നമ്മുടേതുമാകുമ്പോ… കാണുന്നതെന്തും കേൾക്കുന്നതെന്തും പ്രണയമാകുമ്പോ… നമുക്കിതും മറ്റേതൊരു ദിനം പോലെ മാത്രം……

ആരുണ്യ

പ്രണയച്ചിത…..

വിധിയൊരുക്കിയ ചിതയിൽ കത്തിയെരിഞ്ഞ് മരണം കാത്തുനിൽക്കും പ്രണയമേ… നിനക്കുവേണ്ടി….

കത്തിപടർന്നൊടുവിൽ കനൽ മാത്രം കെടാതെ, വീണ്ടും എരിഞ്ഞെങ്കിലെന്ന പ്രതീക്ഷയിൽ പ്രണയം ചിതയിൽ ചിതറികിടക്കുന്നു…

ഹൃദയം മുറിഞ്ഞൊഴുകിയ ചോരയുടെ ഇനിയും ശമിക്കാത്ത കടുത്ത ഗന്ധം.. വായ്ക്കോണിലൂടെ അവസാനമായ് നീയേകിയ ജലത്തിന് നിന്റെ മൊഴിപോലെ മധുരം..

കത്തിയെരിയുന്നതിൻ മുൻപ്,അവസാന കാഴ്ച നഷ്ടപ്പെടും മുൻപ് മങ്ങിയ മിഴിയിലൂടൂർന്നിറങ്ങിയ നിന്റെ രൂപം…

കഠോര ശബ്ദത്തോടെ പൊട്ടിച്ചിതറിയ തലയോട്ടിയ്ക്കിടയിലൂടെ ബന്ധനങ്ങളിൽ നിന്ന് മോചനംനേടിയ നിന്റെ ഓർമ്മകൾ ഇനിയും കത്താൻ വിസമ്മതിച്ചുകൊണ്ട് ഓടിയോളിക്കുന്നു…

എന്റെ ജീവൻ നിന്നിലവസാനിക്കുന്നു… നിന്നിൽ നിന്നും പുതിയ പ്രണയം പിറക്കട്ടെ…നിന്റെ ശ്വാസം ചെറുക്കാറ്റുപോലെ… പുതുമഴ പെയ്തണയും മുൻപായ് കെടാൻ  വെമ്പിനിൽക്കും എന്റെ പ്രണയചിതയുടെ കനലിനെ ഊതിത്തെളിച്ചിടട്ടെ…..

കാലമേ… നീ തന്നെ ഒടുവിലെ സാക്ഷി…..

ദുഃഖം…

വാൾമുന അവസാന വേരറുത്തപ്പോഴും മരം വേദനിച്ചത് അതിന്റെ നെഞ്ചിൽ കൂടൊരുക്കിയ കിളിക്കുഞ്ഞിനേയും, അതിന്റെ ഇലയിൽ പുതിയ ജന്മം കാത്തിരുന്ന ശലഭകുഞ്ഞിനേയും,പിന്നെ തണലിനായ്,ദാഹജലത്തതിനായ്, ഒരിറ്റുശ്വാസത്തിനായ് കേഴുന്ന, മനുഷ്യാ; നിന്റെ നാളേയുമോർത്തിട്ടയിരുന്നു…

മാഞ്ഞുപോയ മഴക്കാലത്തിന്റെ ഓർമ്മയ്ക്കായ്……

മണ്ണിന് വിണ്ണിന്റെ മേഘസന്ദേശം നൽകി പെയ്തൊഴിഞ്ഞ തുലാവർഷ സന്ധ്യയ്ക്ക്; മിഴിനീർ മഴനീരാലൊപ്പി കാട്ടുവേഴാമ്പലും, ചെറുതേങ്ങലോടെ കാട്ടുപുഴയും യാത്രാമൊഴിയേകി..

“തിരികെയിനി എന്നുവരുമെന്നറിയില്ല, കാലം കൈപിടിച്ചൊരുപാട് ദൂരം നടത്തിയേക്കാം..

ഋതുക്കൾ എന്നേക്കാൾ കരുത്തേറിയത് , സുഗന്ധം പൊഴിച്ചത്, മഞ്ഞിൽ പുണർന്നത് ഒക്കെയും വന്നുപോകാം… ഇനിയൊരുവരവിൽ ഒരുപക്ഷെ നിങ്ങളെന്നെ മറന്നേക്കാം… എന്റെ ശബ്ദം നിങ്ങൾക്കന്യമായേക്കാം…എങ്കിലും പോകാതിരിക്കാനാവതില്ലല്ലോ… ദാഹിച്ചിടറും നാവുകൾ, വരൾമണ്ണിൻ വിണ്ടുകീറിയ കണ്ഠം.. ഇവയൊക്കെയും എനിക്കായ് പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ അതു കാണാതിരിക്കാനെനിക്കാവതുണ്ടോ?ഇനിയും വരാമെന്ന വാക്കിന്റെ മറവിൽ ദുഃഖമൊതുക്കി, മടങ്ങിവരാൻ ഞാൻ പോയിടട്ടെ….”

പോയ്‌വരൂ, കാലമിനിയും കറങ്ങി വരുന്ന നാൾ, ഋതുക്കൾ പൊഴിഞ്ഞും വിരിഞ്ഞും ചിരിച്ചും കരഞ്ഞും ഒടുവിൽ വീണ്ടും നിന്നിലേക്കെത്തുന്ന നാൾവരെ… കാത്തിരുന്നോളാം

മറവിപോലും മറന്നുപോകും വിധം നിന്റെ ഓർമ്മകൾ കാത്തുവച്ചോളാം….

പോയ്‌വരൂ, വരൾനാവിൽ നിൻ ജീവൻ പകർന്നൊഴുകിപ്പരക്കൂ,

നീ തന്ന പ്രണയം നിൻ കുളിർപോലെ കരളിലേക്കൊഴുകുന്ന നാൾ വരെ, പുതുമഴയായി നീ വരും നേരത്തിനായ് നിന്നെ പ്രതീക്ഷിച്ചു മിഴിയടച്ചീടാം….

പോയ് വരൂ…. പോയ്‌ വരൂ……

ഒരുജാതി കേരളം….

ഇതൊരു കഥയല്ല….സാംസ്കാരിക കേരളത്തിന്റെ ഒരു നേർകാഴ്ചയാണ്…96.2% ശതമാനം സാക്ഷരത നിരക്കുള്ള കേരളം.. അതായത് ഇപ്പോൾ നിലവിലുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിൽ മുൻനിരയിലുള്ള സംസ്‌ഥാനം… മാറ്റങ്ങളുടെ പരമകോടിയിലെത്തിയെന്ന് സ്വയം വിശ്വസിക്കുന്ന കുറച്ച് മനുഷ്യരുടെ ആവാസകേന്ദ്രം…വളർച്ചയിൽ ഒന്നാമതാണ് കേരളം എന്ന് ഞാനും വിശ്വസിച്ചിരുന്നു നിങ്ങളെ പോലെ… അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിക്കുന്നതിനു തൊട്ട് മുൻപുവരെ മാത്രം…

മനോഹരമായ ചില്ലുപത്രത്തിൽ മൂടിവച്ച അളിഞ്ഞ മാംസക്കഷണം മാത്രമാണ് ഈ മാറ്റങ്ങൾ. പുറമേയ്ക്ക് മാത്രം അതിസുന്ദരമായ, ശരീരികവും മാനസികവുമായി മാറ്റങ്ങളുടെ കൊടുമുടികീഴടക്കിയ നല്ല നാട്.. എന്നാൽ അല്പംനേരത്തേക്ക് ആ ചില്ലുമൂടിയൊന്ന് അഴിച്ചുവച്ചാൽ പഴകിയ ചിന്തകളുടെയും, അഴുകിയൊലിച്ചു പുഴുവരിച്ചിട്ടും മനസിലിട്ട് അയവിറക്കുന്ന പഴയ മേൽകോയ്മ പ്രമാണിത്തത്തിന്റെയും അടങ്ങാനാവാത്ത ദുർഗന്ധത്തിൽ മുങ്ങിപ്പോവും ഈ സുന്ദരസുരഭില കേരളം… ജാതിചിന്തകൾ വെടിഞ്ഞ മലയാളി.. ഉച്ചത്തിലൊരു ജാതിപേര് വിളിച്ചാൽ അവിടെ തീർന്നു കഥ!! എന്നാലും കൊച്ചിന്റെ പേരിന്റൊപ്പം ഒരു ‘നായർ’ അല്ലെങ്കിൽ‘നമ്പൂതിരി’അതൊരു രസാ… കീഴ്ജാതി മേൽജാതി എന്ന് ഉച്ചരിക്കാൻ പാടില്ലെങ്കിലും, മനുഷ്യരെല്ലാം ഒന്നാണെങ്കിലും മകളെ /മകനെ മേൽജാതിയിൽ തന്നെ കല്യാണം കയ്ച്ചയക്കണം.. അതൊക്കെ നമ്മുടെ നാട്ടുനടപ്പല്ലേ പിള്ളേച്ചാ…..

പണ്ട് ഒരു ഇല്ലത്തെ അന്തർജ്ജനം കീഴ്ജാതിയിൽ പെട്ടവനെ അറിയാണ്ടൊന്ന് നോക്കിപ്പോയാൽ അവളെ ‘പടിയടച്ചു പിണ്ഡം വയ്ക്കുന്ന ‘സമ്പ്രദായം നിലവിലുണ്ടായിരുന്നു… ആ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി സങ്കൽപ്പിച്ച് മരണശേഷമുള്ള ക്രിയകൾ നടത്തി അവളെ വീട്ടിൽനിന്നും ക്രൂരമായി ഇറക്കിവിടും. ശേഷിച്ച ജീവിതം അവൾ അറിയാതെകണ്ട ആ മനുഷ്യന്റെ പത്നിയായി ജീവിച്ചു മരിക്കും…. എന്നാൽ ഇന്ന് കേരളം മാറി…. സാംസ്കാരികമായി വളർന്നു… മകൾ മറ്റൊരു ജാതിയിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അന്നത്തെപോലെ മരിച്ചതായി സങ്കൽപ്പിച്ചു ബലിയിടാനൊന്നും മെനക്കെടാതെ ഒറ്റവെട്ടിന് ഭർത്താവിനെ കൊന്ന് മകളെ വിധവയാക്കി അവൾ നഷ്ടപ്പെടുത്തിയ കുടുംബത്തിന്റെ അന്തസ് തിരിച്ചുപിടിക്കാം … പിന്നെ കണ്ണുകെട്ടിയ നീതിദേവതയ്ക്കുമുന്നിൽ എറിയുന്ന നോട്ടിന്റെ പച്ചമണത്തിൽ മരിച്ചവന്റെ ചോര അലിഞ്ഞു ചേർന്നോളും….. ഇതൊക്കെയും കണ്ട് ജാതിയിൽ താന്നവനെ ‘ഹരിജൻ ‘എന്നുപേരുചൊല്ലി വിളിച്ച് മനുഷ്യനൊന്നാണെന്ന് പഠിപ്പിക്കാൻ ശ്രമിച്ച ഗാന്ധി ഈ നെറികെട്ട ലോകത്തുനിന്ന് തന്നെ രക്ഷപെടുത്തിയതിന് ഗോഡ്‌സെയ്ക്ക് നന്ദി പറയുന്നുണ്ടാവാം…

താഴ്ന്നജാതിയിൽ പെട്ട കുട്ടിക്ക് റിസർവേഷൻ.. മറ്റൊരു മാറ്റത്തിന്റെ പതാക.റിസർവേഷൻ കിട്ടിയ കുട്ടി അഭിമാനത്തോടെ പറയുന്നു ഞാൻ താഴ്ന്ന ജാതിയിൽ പെട്ടതുകൊണ്ട് റിസർവേഷൻ ഉണ്ടെന്ന് .. ജാതിപറയുമ്പോ ഉണ്ടായിരുന്ന നാണക്കേടൊക്കെ എവിടേക്കോ ഓടിയൊളിക്കുന്നു…എന്നാൽ ആവശ്യമില്ലാത്ത ആ റിസർവേഷൻ കൊണ്ട് ആത്മാർഥമായി പഠിക്കാൻ ആഗ്രഹമുള്ള എത്ര കുട്ടികളാണ് പഠിക്കാനാവാതെ പോകുന്നത്.. അപ്പോഴും ആരുമില്ലാതെ തുരുമ്പെടുത്തു കിടക്കും റിസർവേഷൻ എന്ന് പേരിട്ട ആഭാസം…. പഠിക്കാനെങ്കിലും ജാതി നോക്കാത്ത കാലം എന്നെങ്കിലുമുണ്ടാകുമോ? കഴിവുകൊണ്ട് മാത്രം നേടിയെടുക്കുന്ന ഡിഗ്രീകളുടെ കാലം ഇനിയും വിദൂരമാണ്.. ജാതിയുടെ ഉന്നമനമല്ല മനുഷ്യന്റെ ഉയർച്ചയാണ് ആവശ്യമെന്ന് ഇനിയെങ്കിലും രാഷ്ട്രീയപാർട്ടികളും സന്നദ്ധസങ്കടനകളും മനസിലാക്കിയാൽ…..

ഈ ഉയർന്ന താഴ്ന്ന ചിന്താഗതി മാറില്ല… എത്രയൊക്കെ മാറിയെന്നു എഴുതി നെറ്റിയിലൊട്ടിച്ചാലും ഉള്ളിലെ ചീഞ്ഞളിഞ്ഞ ചിന്തകൾ മാറ്റാതെ വളരില്ല ഒരിക്കലും…. ജാതി കച്ചവടമാക്കുന്ന മാട്രിമോണിയൽ സൈറ്റുകളും, തങ്ങളുടെ പ്രെസ്റ്റീജ് ഉയർത്താൻ മാത്രം മക്കളെ വളർത്തുന്ന മാതാപിതാക്കളും, മകൾ /മകൻ ഞാൻ ചിന്തിക്കുന്ന ജോലി ചെയ്ത് ഞാൻ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്ന ജീവിതം മാത്രം ജീവിക്കണം എന്ന പിടിവാശിക്കാരും ഉള്ളിടത്തോളം ദുരഭിമാനകൊലകൾ വർദ്ധിച്ചുകൊണ്ടേയിരിക്കും.. മാധ്യമങ്ങൾക്ക് പുതിയ പുതിയ വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും……

ഇനിയുമിതുപോലെ അനേകായിരം ഉദാഹരണങ്ങൾ കണ്മുന്നിൽ നിറഞ്ഞിരിക്കുന്നു.. എത്ര അരുംകൊലകൾ… അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തിയ സ്ത്രീകൾ മുതൽ ജനിച്ച് വീണ കുഞ്ഞു വരെ തങ്ങളുടെ ദുർഗന്ധിയായ അനുഭവങ്ങളെ വർണക്കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്നു… എന്നിട്ട് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു ഇതാണ് കേരളം… മാറ്റത്തിന്റെ പറുദീസ…..

വിണ്ണിലലിഞ്ഞ സുഗന്ധം….

ഒരു നനുത്ത രാത്രിമഴ പോലെ പെയ്തൊഴിഞ്ഞ വസന്തമായിരുന്നു സുഗതകുമാരിടീച്ചർ.. നരകതുല്യമായ അനേകായിരം ജീവനുകൾക്ക് സ്നേഹം കൊണ്ട് സ്വർഗംനിർമിച്ച് യാത്രയായ മലയാളത്തിന്റെ പ്രിയ കവയിത്രി.. ലഭിച്ച വെയിലിനും, ചുമടിനും, കാടിനും, കിളികൾക്കും, കുത്തിനോവിച്ച വേദനകൾക്കും വരെ നന്ദിചൊല്ലിയടർന്നുവീണ നനുത്ത സുഗന്ധം…

മക്കളുടെ നന്മമാത്രമാഗ്രഹിക്കുന്ന ഒരു അമ്മ മനസ്സായിരുന്നു സുഗതടീച്ചറുടേത്.. അനുസരണയില്ലാത്ത കുട്ടികളെ ഒരുപാട് ശകാരിച്ചു.. തെറ്റുകളെ വാക്കുകളുടെ ചുവന്ന മഷിയാൽ അടയാളമിട്ടു… ഒരു മാത്രപോലും തിരിഞ്ഞുനോക്കാൻ തുനിയാതിരുന്ന നമ്മൾ അതൊന്നും കണ്ടതേയില്ല.. കേൾക്കുവാൻ ചെവിയോർത്തിരുന്നതുമില്ല… എങ്കിലും അമ്മ പറഞ്ഞുകൊണ്ടേയിരുന്നു… ഒടുവിൽ പ്രാണൻ പകുത്ത് മരിച്ചുവീഴാറായ കാടിനും തകർന്നുവീഴാറായ ഹൃദയത്തിനും നൽകി സ്നേഹം കൊണ്ട് മായ്ച്ചുകളയാനാവാത്ത കയ്യൊപ്പുചാർത്തി പതിയെ പറന്നകന്നുപോയി….

മരണത്തിനു നൽകേണ്ട ബഹുമതികളൊക്കെയും എതിർത്തിരുന്ന ടീച്ചർ ആഗ്രഹിച്ചിരുന്നത് ശവപുഷ്പങ്ങളില്ലാത്ത ആചാരവെടിമുഴങ്ങാത്ത ശാന്തമായ മടക്കമായിരുന്നു… അന്ത്യാഭിലാഷം നിറവേറാതെ ആ കവിമനസ്സ് തേങ്ങിയിരിക്കാം… എങ്കിലും അനുസരണയില്ലാത്ത മക്കളുടെ നന്മയ്ക്കുവേണ്ടി പ്രകൃതിയെപ്പോലെ ആ അമ്മമനസും പ്രാർഥിച്ചിരിക്കാം……

ഭ്രാന്തിയെപ്പോലെ അഴിച്ചുലച്ച മുടിയുമായി വന്ന ‘രാത്രിമഴ’യുടെ കുളിരിലൂടെ എന്റെ ഹൃദയത്തിലേക്ക് കടന്നു ,പിന്നീട് തന്നെയറിയാത്ത കൃഷ്ണനെ മനസ്സിൽ ധ്യാനിക്കുന്ന രാധയായി, ചിറകൊടിഞ്ഞു വിലപിച്ച കാട്ടുപക്ഷിയായി,അനാഥയായ പെൺകുഞ്ഞായി അങ്ങനെ അങ്ങനെ വാക്കുകളിലൂടെ എന്നിലേക്ക് കിനിഞ്ഞിറങ്ങിക്കൊണ്ടേയിരുന്നു…..

ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലയെങ്കിലും ആ മരണം നനയിച്ച എന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു എന്റെ ഹൃദയം താങ്കളെ ആരാധിച്ചിരുന്നു…. ഒരു നിമിഷമെങ്കിലും താങ്കളെപോലെയാവാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ പ്രാർഥിച്ചിരുന്നു…

നന്ദി… കാലത്തിനു കെടുത്താനാവാത്ത ആ തീ സ്നേഹമാണെന്ന് പഠിപ്പിച്ചതിന്… ജീവിതം കൊണ്ട് കാണിച്ചുതന്നതിന്…… എന്നെന്നും പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം…🙏

അതെ, ചില സ്നേഹം അങ്ങനെയാണ്…

അതെ, ചില സ്നേഹം അങ്ങനെയാണ്… വേർപാട് ബാക്കിയാക്കുന്ന ഒരു വലിയ ശൂന്യത മാത്രം അളവുകോലാക്കിയ ചില സ്നേഹബന്ധങ്ങൾ.. ഒരുപക്ഷെ നമ്മുടെ സ്നേഹം അവർ അറിയുന്നുപോലും ഉണ്ടാകില്ല.. അവർക്ക് അത് ഭയമായിരിക്കും ഒരുപക്ഷെ. നമ്മൾ ഒരുക്കികൊടുക്കുന്ന സാഹചര്യങ്ങൾ എത്രത്തോളം പരിമിതമായിരിക്കും അവർക്ക്.. നമ്മൾ കൊടുക്കുന്ന ഭക്ഷണം വിശപ്പുമാറാനായി മാത്രം ഭക്ഷിച്ചു ജീവിച്ച് മരിക്കുന്നവർ..നമുക്ക് കാവലായി, ചിലപ്പോൾ അലങ്കാരത്തിനായി, ചിലപ്പോ നമ്മുടെ പണത്തിന്റെ ഹുങ്ക് കാണിക്കുവാൻ, മറ്റുചിലപ്പോ ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ഒരു കൂട്ടിന്….

ഒരുപക്ഷെ അവയുടെ വേദന നമുക്ക് ഒരു ആഹ്ലാദമായിരിക്കാം… നമുക്ക് മുൻപിൽ അവർ നിസ്സാരരായിരിക്കാം….എങ്കിലും അവരുടെ സ്നേഹം കളങ്കമില്ലാത്തതാണ്… കാറിനുപിന്നിൽ കെട്ടിയിട്ട് ദൂരദൂരം വലിച്ചുരച്ച് കൊണ്ടുപോയിട്ടും തന്നെ രക്ഷിച്ച മനുഷ്യന്റെ ഒരു ഞൊടിക്കുള്ളിൽ ഓടിയെത്തുന്ന നായയുടെ സ്നേഹത്തോളം പരിശുദ്ധി മനുഷ്യനിലുണ്ടോ??.. അറിയില്ല…
പക്ഷേ ഒന്നെനിക്കറിയാം സ്നേഹം അതൊരു മാന്ത്രികതയാണ്….അതിന് പരസ്പരം ഒരു തിരിച്ചറിവ് പോലും വേണ്ട… വേണമായിരുന്നുവെങ്കിൽ ഇന്നെനിക്ക് നഷ്ടമായ ആ കുഞ്ഞുമീനിന്റെ ശൂന്യത എന്നെ ഇത്രയേറെ അലട്ടില്ലായിരുന്നു ഇതെഴുതുവാൻ തക്കവണ്ണം….

അതെ സ്നേഹമൊരു ഭാഷയാണ്…. നഷ്ടപ്പെടുന്നവന് മാത്രം തിരിച്ചറിയാൻ കഴിയുന്ന വേദനയുടെ ഭാഷ….

ആരുമറിയാതെ…

ഒരു കുഞ്ഞു മഴത്തുള്ളിപോലെ
വരണ്ട മണ്ണിന്റെ ദാഹത്തിലേക്ക് ഒരിക്കലൊഴുകി ഞാൻ മറഞ്ഞേക്കാം….
അന്നെന്റെ ഹൃദയം വിത്തുപാകിയ ഭൂമിപോലെ സ്നേഹത്തിന്റെ വേരുകൾകൊണ്ട്  മൂടിത്തുടങ്ങിയേക്കാം….
മഞ്ഞുമൂടിയ കാഴ്ചകൾക്കുമുന്നിലൂടെ അദൃശ്യദേഹത്തെ സ്വാതന്ത്ര്യമാക്കി ഞാൻ തെന്നിമറഞ്ഞേക്കാം…
അപ്പോഴും
ആരുമറിയാതെ എന്റെ നിശ്വാസം ചെറുതെന്നലായ് നിന്നെ തലോടിയേക്കാം..
തണൽതേടിത്തളർന്ന പക്ഷികണക്കെ നിന്റെ ഹൃദയതാളത്തിൽ ഞാൻ മയങ്ങിയേക്കാം…
നിന്റെ കണ്ണുനീർ  നീപോലുമറിയാതെ എന്റെ ചുംബനങ്ങൾ ഒപ്പിയേക്കാം…
ഓർമ്മകൾ കൊണ്ട് നീവരക്കുന്ന ചിത്രങ്ങളെന്നെ പുനർജ്ജനിപ്പിച്ചേക്കാം….
ഒടുവിൽ
സ്നേഹമെന്ന മറയ്ക്കുള്ളിൽ നാം ഒന്നുചേർന്നേക്കാം…. ആരുമറിയാതെ…

അപ്പുപ്പൻതാടി

വരുംജന്മം അപ്പുപ്പൻതാടിയായി ജനിക്കണം..

സമാധിയിലിരുന്ന കൂടുതകർത്ത് ആകാശംമുട്ടാതെ ഭൂമിതൊടാതെ ആർക്കുവേണ്ടിയും കാത്തിരിക്കാതെ ബന്ധങ്ങളുടെ ഭാരക്കണക്കുകൾ എവിടെയും കുറിക്കാതെ ഒഴുകിനടക്കണം…

ഏതെങ്കിലും തോളിൽ പതിയെ തലോടി ഒരു ചെറു പുഞ്ചിരി സമ്മാനിക്കണം.. അവർ നൽകുന്ന സ്നേഹത്തിന്റെ കുഞ്ഞു നിശ്വാസത്തിൽ വീണ്ടും യാത്ര തുടരണം…..

ഒടുവിൽ എവിടെയെങ്കിലും വീണടിയുമ്പോ വീണ്ടും മുളപൊട്ടി ഉയിർത്തെഴുന്നേൽക്കണം…. മരണമില്ലാതെ മറുജന്മമില്ലാതെ അക്ഷീണയായി യാത്ര തുടർന്നുകൊണ്ടേയിരിക്കണം..

ആകാശഗംഗ


കാടിന്നുനടുവിലൂടെ നഷ്ടബോധത്തിന്റെ വേദനകണക്കെ പുളഞ്ഞൊഴുകുകയായിരുന്നു പുഴ..

ജടപിളർന്നു മണ്ണിലേക്കു   പിറന്നപടിയവൾസ്ത്രീയെന്ന ബോധ്യത്തിലേക്ക് കൂപ്പുകുത്തി.

മാനമെന്ന മഹാസമസ്യ ചോദ്യച്ചിഹ്നം പോലെയവളെ തുറിച്ചുനോക്കി.
പടർന്നുപരന്ന കാട്ടുചെടിയുടെ മറവിലേക്ക് തന്റെ നഗ്നതമറയ്ക്കുവാൻ ശ്രമപ്പെട്ടവൾ കിതച്ചു.

ചുടുകാറ്റും ഉപ്പുനിശ്വാസവും ചുരത്തി ആർത്തിയോടെ പ്രാപിക്കുവാൻ വെമ്പും സമുദ്രവൃദ്ധനെ വരിക്കാൻ വിധിക്കപ്പെട്ടു പിറന്നവൾ..

കാട്ടുകുരങ്ങും പന്നിയും മറ്റനേകം കാട്ടുജന്തുക്കളും ആവേഗപൂർവം ആ നഗ്നദേഹം നക്കി കാമദാഹം ശമിപ്പിച്ചുകൊണ്ടേയിരുന്നു….

കാട്ടുകിളികൾ;കൊഞ്ചിച്ചിരിച്ചുകൊണ്ട് അധരങ്ങളിൽ പുണരാനെന്ന ഭാവേന, റാഞ്ചി പറന്നുദൂരേക്കകന്നു അവളുടെ നാഭിച്ചുഴിയിൽ കിടന്നാടിക്കളിച്ച മത്സ്യസൗന്ദര്യത്തെ..

അസ്വസ്‌ഥയെങ്കിലും അധരങ്ങളിൽ മൗനം വിതച്ചുകൊണ്ടപ്പോഴും അവളൊഴുകി,സഹനഭാരം ഹൃദയത്തിലേന്തി പെണ്മയിൽ ഉന്മനിറയ്ക്കുവാൻ മാത്രമായ്..

ദിശതേടിയലയുമൊരുനാൾ കണ്ടുമുട്ടീയവൾ നിശബ്ദസഹനമായ് ഒരുപെൺകൊടി,

നഗ്നമാം മേനിയിൽ നക്കിയ നാട്ടുമൃഗത്തിന്റെ നാവിൻ തിണർപ്പുകൾ;

കൊത്തിയെടുത്ത പ്രാണന്നുപകരം മൗനം വിതച്ചജഡത്തിന്റെ ചുണ്ടുകൾ..

ആ നഗ്നദേഹം കാട്ടുപോന്തയ്ക്കുള്ളിലേക്കാഞ്ഞെറിഞ്ഞാപ്പുഴ അലറികരഞ്ഞുപോയ്‌ ;

കാടുനടുങ്ങികുലുങ്ങിവിറച്ചുപോയ്‌ ;

സഹനം മറന്നവൾ ദിശതെറ്റിഅങ്ങകലെ ആകാശഗംഗയായ്എങ്ങോ മറഞ്ഞുപോയ്……