കാടുകയറിയ ചിന്തകൾ….

അവൾക്ക് പലപ്പോഴും തോന്നാറുണ്ട്; സൂര്യൻ തന്നെപ്പോലെ ഒരു സ്ത്രീയാണെന്ന്. പ്രഭാതത്തിൽ തന്നോടൊപ്പം എഴുന്നേൽക്കുന്ന, മാറ്റാരുടെയൊക്കെയോ സംതൃപ്തിക്കുവേണ്ടി സ്വയം കത്തിയെരിയുന്ന, ഒടുവിൽ ആരെയും ഓർമ്മപ്പെടുത്താതെ യാത്രപോലും ചോദിക്കാതെ കടലിന്റെ അഗാധതയിലെവിടെയോ ഏകയായി മറയുന്ന ; തന്റെ മനസ്സിന്റെ പ്രതിബിംബം  പോലെ…..

അവൾ ആ വലിയ വീട്ടിലെ താമസക്കാരിയായിരുന്നു. ആവശ്യത്തിലധികം പണം സമ്പാദിക്കുന്ന ഭർത്താവ്. നാലുപുറവും ജോലിക്കാർ, പട്ടുപുടവകളുടെയുംആഭരണങ്ങളുടെയും വലിയ ശേഖരം. ഇവയ്ക്കൊക്കെയും പുറമെ അനാവശ്യമായി ഭൂമിയെ മൂടിക്കിടക്കുന്ന കാടുകൾ വെട്ടിത്തെളിച്ച്  പലയിടത്തായി പ്ലാന്റേഷനുകളും അയാൾ നിർമ്മിച്ചിരുന്നു. ഒരു പെണ്ണിന് ആനന്ദിക്കാനുള്ള വകയൊക്കെയും അയാളുടെ ദൃഷ്ടിയിൽ അവിടെ സുലഭമായിരുന്നു. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ അവൾ ; അയാളുടെ ഭാര്യ ഒരു അഹങ്കാരിയായിരുന്നു. അവൾക്കിതിലൊന്നും താല്പര്യമില്ല. അവൾ ആകെ സ്വന്തമാക്കിയത് കുറച്ച് വെള്ളകടലാസ്സുകളും എഴുതാൻ ഒരു മഷിപ്പേനയും മാത്രം. ആ വലിയ വീട്ടിലെ അവളുടെ ആനന്ദം ആകെ ആ മുറിയായിരുന്നു. നിറയെ പുസ്തകങ്ങൾക്കു നടുവിൽ ഒരു കുഞ്ഞു മേശയും ഇരിപ്പിടവുമുള്ള ആ ചെറിയമുറി. അവൾ അയാളോട് ആദ്യമായും അവസാനമായും ആവശ്യപ്പെട്ട ഏക വസ്തുവും ആ മുറി മാത്രമായിരുന്നു.

പലപ്പോഴും ആ വീട്ടിൽ തനിച്ചാക്കപ്പെട്ട അവൾ ആഗ്രഹിച്ച സാന്ത്വനത്തിനും കൊതിച്ച സ്നേഹത്തിനും പകരമായി ലഭിച്ച പട്ടുസാരികളും ആഭരണങ്ങളും അവളിൽ ഒക്കാനമുണ്ടാക്കി… ഹ!! എന്തൊരു ധിക്കാരം.
ഒരിക്കൽ ഒരു രാത്രി ഏറെ വൈകി ആ മുറിയിൽ നിന്നും പുറത്തുവന്ന അവളോട് അയാൾ ചോദിച്ചു,”നിനക്ക് ആ മുറിയിൽ എന്താണിത്ര ചെയ്യുവാൻ?നീ ചോദിക്കുന്നതൊക്കെയും ഞാൻ വാങ്ങി നൽകുന്നുവല്ലോ? എന്നിട്ടും എന്നോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ആകെയുള്ള ഈ മണിക്കൂറുകളിലുംവേണോ നിന്റെയീ എഴുത്തും വായനയും? “
ഓരോ സമയവും ആ മുറിയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും അവളുടെ കണ്ണുകളിൽ തിളങ്ങിയ ആ പേരറിയാത്ത തീക്ഷ്‌ണഭാവം അയാളെ ആസ്വസ്‌ഥനാക്കി. അയാളുടെ ചോദ്യത്തിന് മൗനമായി ഒരു അവഗണന നൽകി അവൾ അടുക്കളയിലേക്ക് നടന്നു.
ദിനങ്ങൾ പടംപൊഴിച്ച് മറയുന്ന സർപ്പത്തെപ്പോലെ ഓർമ്മകൾ ബാക്കിവച്ച് ഇഴഞ്ഞുപോയി. ഓരോ ദിനവും അവൾ സ്വയം തന്നിലേക്ക് കൂടുതൽ പാകമായി ഒതുങ്ങിക്കൊണ്ടിരുന്നു. അയാളുടെ ആവശ്യങ്ങൾ അവൾ യാന്ത്രികമായി നിറവേറ്റി, എത്രയും വേഗം തന്റെ കൂടാരത്തിലേക്ക് ഇഴുകിയലിയണമെന്ന ഒരേയൊരു ചിന്തയോടെ. അനേകായിരം ചോദ്യങ്ങൾ കൊണ്ട് അവളെ അറിയാമെന്നു വ്യാമോഹിച്ച ആയാളും ഒടുവിൽ അവളുടെ മൗനത്തെ തന്നിലേക്ക് ആവാഹിക്കാൻ ശീലിക്കപ്പെട്ടു.

ഒരിക്കൽ പെട്ടെന്ന് ഒരു രാത്രി പതിവിലും വിപരീതമായി അവൾ അയാളുടെ അരികിലെത്തി. എന്തോ പറയാനുറച്ച മട്ടിലുള്ള അവളെ അയാൾ അവിശ്വസനീയമായി നോക്കി. അവളെ തന്റെ അരികിലിരിക്കാൻ ക്ഷണിച്ചുകൊണ്ട് അയാൾ ചോദിച്ചു, “എന്തേ ഇന്നെന്നെ ഓർമിക്കുവാൻ?”എഴുതി അവസാനിപ്പിക്കപ്പെടാത്ത വരിപോലെ അവൾ അയാൾക്കുമുന്നിൽ നിന്നു.അവളുടെ മൗനം അയാളെ ഭ്രാന്തനാക്കി. “നിനക്ക് വായ തുറന്ന് ഒന്ന് മിണ്ടിയാൽ എന്താണ്? ഇത്ര നാളും ഞാൻ ക്ഷമിച്ചു. എനിക്കിപ്പോൾ തോന്നുന്നത് നിനക്ക് മാറ്റാരുമായോ….. “
ആറിയപാൽപോലും ചൂടുപാലായി ഭയക്കുന്ന പൂച്ചയെപ്പോലെ അവൾ അയാളെ നോക്കി. ആ നോട്ടത്തിൽ പുച്‌ഛം കലർന്നിരുന്നുവോ?
“നിനക്ക് ഭ്രാന്താണ്. “അയാൾ പറഞ്ഞു.
അവൾ ദീർഘമായി നിശ്വസിച്ചു. ഒടുവിൽ പറഞ്ഞു, “ഞാൻ പോകുന്നു.”
അത് അയാൾക്ക് അപ്രതീക്ഷിതമായിരുന്നു. എവിടേക്ക് എന്ന് ചോദിക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു. “ശരി. വരൂ ഞാനും വരാം നിന്റെയൊപ്പം. എവിടേക്കാണെങ്കിലും. എന്റെ സ്വത്തുക്കൾ മുഴുവൻ നിനക്കായി ഞാൻ തരാം. നീ ആഗ്രഹിക്കുന്നതെവിടെയാണെങ്കിലും ഞാനും വരാം. “
അവൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു. ചങ്ങല പൊട്ടിച്ചു സ്വതന്ത്രനായ നായിനെപോലെ അവളുടെ ശബ്ദം ആ നാലുചുവരുകൾക്കുള്ളിൽ ഓടിക്കളിച്ചു.
“നിങ്ങൾക് എന്നെ സഹിക്കുവാനാവില്ല. ഞാൻ ഭ്രാന്തിയാണ്.”അട്ടഹാസത്തിനിടയിൽ ഒന്ന് കിതച്ചുകൊണ്ട് അവൾ പറഞ്ഞു. “ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. എനിക്കെന്താണ് വേണ്ടതെന്ന് ഞാനിതാ കണ്ടുപിടിച്ചിരിക്കുന്നു. “
അപ്പോൾ അയാൾ പറഞ്ഞു,”പറയൂ, ഞാൻ കൊണ്ടുവരാം എന്താണെങ്കിലും. എത്ര വിലപിടിപ്പുള്ളതാണെങ്കിലും. വേഗം പറയൂ. “
അവൾ അയാളെ പരിഹാസപൂർവം നോക്കി.
“എനിക്ക് വേണ്ടത് നിങ്ങളുടെ അഭിപ്രായങ്ങൾ കൊണ്ട് നട്ടുനനയ്ക്കപ്പെട്ട നിങ്ങളുടെ ആവശ്യങ്ങൾക്കായി തളിർക്കുകയും പൂവിടുകയും ചെയ്യപ്പെടുന്ന പ്ലാന്റേഷനുകളല്ല. എനിക്കുവേണ്ടത് കാടാണ്. എന്റെ ചിന്തകൾ മുളപൊട്ടി വിരിയുന്ന, എന്റെ വികാരങ്ങൾ വേരൂട്ടി വളരുന്ന, ഞാൻ ഞാനായി അഴുകിജീർണ്ണിച്ച് വീണ്ടും പുനർജ്ജനിക്കുന്ന കാട്. പറിച്ചെറിയപ്പെടാൻ കളകളില്ലാത്ത, ശരിതെറ്റുകളുടെ വേർതിരിവുകളില്ലാത്ത, എന്റെ കിനാവുകൾക്ക് കൂടൊരുകി പാർക്കാൻ, എന്റെ ചിന്തകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കൊടുംകാട്.”

അയാൾ അവളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. കണ്ണീരിനൊപ്പം കലർന്ന് വായിലേക്ക് ഒഴുകിയൊലിച്ച വിയർപ്പുതുള്ളികൾ ആവേശപൂർവ്വം നക്കിയെടുത്തുകൊണ്ട് അവൾ പറഞ്ഞു, “എനിക്ക് തരാൻ മിച്ചമായി  എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാൽ എന്റെ അക്ഷരങ്ങളിലൂടെ നിങ്ങൾക്ക് അവിടം സന്തർശിക്കാം. ഞാൻ അനുവദിക്കുമ്പോൾ മാത്രം.ഇപ്പോൾ ഞാൻ പോകുന്നു….”
പെയ്തൊഴിഞ്ഞ മഴപോലെ അവൾ അവിടെ നിന്ന് പോകുമ്പോൾ ആശാന്തമായ വലിയൊരു കാട് തന്നെ പൊതിയുന്നത് ഭയപ്പാടോടെ അയാൾ തിരിച്ചറിഞ്ഞു…….

20 thoughts on “കാടുകയറിയ ചിന്തകൾ….

 1. ഒലക്കേടെ മൂട്… “നിർഭാഗ്യം എന്ന് പറയട്ടെ അവൾ “…ഓപ്പറേഷൻ ഡോക്ടർമാർ…ഡോക്ടർമാർ…ഓപ്പറേഷൻ. അതുംകൂടെ കുത്തി കേറ്റാർന്നു. ജാങ്കോ നിന്റെ പണി പാളി ഇരിക്കാനാ എക്ക് തോന്നണേ…

  Like

  1. ആ വരികൾക്ക് ഇവിടെ പ്രാധാന്യം ഇല്ല. അതാ ചേർക്കാഞ്ഞേ.. അടുത്ത തവണ ശ്രമിക്കാം.. 😌

   Liked by 1 person

   1. സമാധാനക്കാരി…. ഭ്രാന്തത്തി ഡോക്ടറെ… നീയ്യ്‌ കാട്ടില്ക്കന്നെ പൊക്കോ..

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s