ആത്മവിലാപം…..

ഇന്നു ഞാനേറെ തളർന്നു കുഞ്ഞേ, എനിക്കെന്തു വർണ്ണങ്ങളുണ്ടായിരുന്നു നിൻ ജന്മഭാരം വഹിക്കാൻ തുടങ്ങിയ കാലത്തിനൊക്കെയും മുൻപേ..

ഓർക്കുന്നുവോ നീ മകനെ,
നിൻനഗ്നമാം കുരുന്നുമേനി
എൻ മടിത്തട്ടിലേക്കാദ്യമായ് വന്നുപിറന്നൊരാ ആർദ്രനിമിഷങ്ങളെ,
എൻ മുലച്ചുരന്നൂറിയ ദുഗ്ദ്ധം
മൃദുവായ് നുകർന്നതും,
പിച്ചവയ്ക്കും നേരമെൻ പച്ച മുടിച്ചുരുൾ നിൻ നാണം മറച്ചതും, ഓർക്കുന്നുവോ നീയിന്നും;അറിയില്ല

അന്നമ്മ മഴനീരാൽ നിന്നെ കുളിപ്പിച്ചത്,
കാറ്റായി തഴുകിയെൻ മടിയിലുറക്കിയത്, മാറോടണച്ചത്‌ വേരുകൾ പൊക്കിൾക്കൊടിയായ്‌, അതിലെന്റെനേരിനെയൂട്ടിയത്; നീയോർക്കുന്നുവോ?

എങ്കിലുമിന്നമ്മ തളർന്നുകുഞ്ഞേ അറിയുന്നു ഞാനെന്റെ ജീവന്നതീതമായ് വളരുന്ന നിൻമോഹമാഗ്രഹങ്ങൾ ;ഒടുവിൽ നിനക്ക് ഞാനന്യയാകുന്നതും അറിയുന്നു ഞാൻ…

ഒടുവിൽ നീ നുകരുമെന്നവസാന ദുഗ്ധവും ഒരുതുള്ളി രക്തമായ് പരിണമിക്കുന്നതും
മാറുപിളർന്നെന്റെ ശ്വാസനാളത്തിലേക്കാഴ്ത്തിയ മഴുവിലെൻ കണ്ണുനീർ മഴയായ് പൊഴിഞ്ഞതും, നീ കണ്ടതില്ലേ.?..

എന്നിൽ പിറന്ന കിടാങ്ങളിൽ ശ്രേഷ്ഠനാണെന്ന് സ്വയം വാഴ്ത്തപ്പെടുമ്പോഴും..
അറിയൂ നീ ;
ഞാനമ്മയാണ് എനിക്കുനീയെന്റെ പൊന്നുണ്ണിയാണ്..
നിന്നെ ഞാനറിയുന്നു, ശ്രമിച്ചില്ല നീ എന്നെയറിയുവാനെന്നാകിലും…..

ഇന്നു ഞാൻ നന്നേ തളർന്നുപോയ് കുഞ്ഞേ,
അശ്രുപെയ്യുന്നു പാതിയടഞ്ഞ മിഴികളിൽ,
ഉരുകിയൊലിക്കുന്നു ദേഹം, ഉള്ളൊരഗ്നിയായ് നീറിപുകഞ്ഞൊഴുകുന്നൂ വായ്മുനത്തുമ്പിലൂടെ….

മകനേ എന്നന്ത്യമാം നേരത്ത്, നീ’അമ്മേ ‘ യെന്നരികിലായ് മന്ത്രിക്കുക
മടിയിലിളവേൽക്കുക, മാറിലായാഴ്ന്നുറങ്ങുക, അമ്മയ്ക്കെന്നും പൈതലായ് മാറുക..

ഇല്ലെങ്കിലിന്നിതാ അമ്മയോടൊപ്പമീ നിന്നുടെലോകവുമില്ലാതെയാകും, നീയെരിയുമെനിക്കായൊരുക്കിയോരീ ചിതയിൽ,
ആവുകില്ലമ്മയ്ക്കതൊർക്കാൻ സഹിക്കുവാൻ
കാരണം;; ഞാൻ നിന്നമ്മയല്ലേ
നീയെന്നുമെന്റെ പൊന്നുണ്ണിയല്ലേ?..

5 thoughts on “ആത്മവിലാപം…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s