ആ ജനല്പാളികൾ പാതി അടഞ്ഞവയായിരുന്നു. തൊടിയോടു ചേർന്നുനിന്നു ആ പുരയിടത്തിലെ ഒരിക്കൽപോലും മുഴുവനായും അടഞ്ഞോ മുഴുവനായും തുറന്നോ കാണപ്പെടാത്ത ആ ജനൽപ്പാളികൾ എനിക്കെന്നും അദ്ഭുതമായിരുന്നു. എത്ര ശക്തമായ കാറ്റിലും തെല്ലനക്കമില്ലാതെ ആ വിജാഗിരികൾ. കാണുന്ന നാൾ മുതൽ ഇങ്ങനെ നിശ്ചലമായി….
“അവിടെയാരും താമസമില്ലേ ഇച്ചേയി? “ഒരിക്കൽ ആകാംക്ഷയുടെ പാരമ്യതയിൽ, തൊടിയിലെ ചെടികളെ താലോലിച്ചുകൊണ്ടിരുന്ന ഇച്ചേയിയോട് ഞാൻ ചോദിച്ചു.
“ആവോ !ആരും വരാറില്ല്യാന്നാ തോന്നണേ. എന്തേ കുട്ടാ ഇപ്പൊ ങ്ങനെ ചോയ്ക്കാൻ? “ചെടികളിൽ നിന്നും കണ്ണെടുക്കാതെ തന്നെ ഇച്ചേയി ചോദിച്ചു.പുതുതായി വിരിഞ്ഞ റോസാപൂവിന്റെ നനുത്ത ഇതളുകളെ തലോടുകയായിരുന്നു അവരുടെ നീണ്ട വിരലുകൾ അപ്പോൾ.
“ഓ ഒന്നുല്ല. വെർതേ ചോയ്ച്ചൂന്നെള്ളു.” എന്നു പറഞ്ഞുകൊണ്ട് ശരമഴപോലെ ഇനിപ്പെയ്യാനിരിക്കുന്ന അടുത്തചോദ്യങ്ങളിൽ നിന്ന് രക്ഷതേടി ഞാൻ ഉള്ളിലേക്ക് കടന്നു.
കുറച്ചു നാളുകൾക്കു ശേഷം വീട്ടിലാരുമില്ലാതിരുന്ന ഒരു ദിവസം വെറുതെ തൊടിയിലൂടെ നടക്കുകയായിരുന്ന എന്നെ ആ ജനാലകൾ വീണ്ടും ആകർഷിച്ചു. അവയെന്നെ അടുത്തേക്ക് വിളിക്കുകയാണോ? ഞാൻ മെല്ലെ തൊടിയുടെ ഓരം ചേർന്ന് തകർന്ന വേലികെട്ടിനിടയിലൂടെ ആ പുരയിടത്തിനടുത്തേക്ക് നൂണിറങ്ങി. മുറ്റം നിറയെ കറുകയും തുമ്പയും പേരറിയാത്ത മറ്റെന്തൊക്കെയോ പുല്ലുകളും നിറഞ്ഞു പടർന്നിരുന്നു. വീടിന്റെ വേരുകളെന്നപോലെ ഭൂമിയിലേക്ക് ആഴത്തിൽ ഊളിയിട്ടിറങ്ങിയ അനേകം വള്ളിപ്പടർപ്പുകൾ. ഒപ്പം ചെറുജീവികളുടെ കാതടപ്പിക്കുന്ന മൂളലുകളും. ഞാൻ പതിയെ ആ ജനാലയുടെ അരികിലെത്തി. വാർദ്ധക്യം കവർന്നെടുത്ത പല്ലിന്റെ വിടവിലൂടെ മുത്തശ്ശിയുടെ വായിലെ മുറുക്കാൻ കറപോലെ അതിന്റെ വിജാഗിരിവിടവുകളിൽ ചിതൽ അരിച്ചിറങ്ങിയിരുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ എന്നെ ‘എന്തുവേണമെന്ന’ ചോദ്യചിഹ്നത്തിൽ ഫണമുയർത്തിക്കാട്ടി ഒരു മൂർഖൻ. ഒന്നും ചെയ്യില്ലെന്ന ധൈര്യത്തിൽ പതിയെ തന്റെ പൊത്തിലേക്ക് മുങ്ങാംകുഴിയിട്ടു അത്.
“ഈ വീട്ടിൽ മനുഷ്യനുമില്ല ഒരു കുന്തവുമില്ല. വെറുതെ സമയംകളഞ്ഞു ” എന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുകയായിരുന്നു ഞാൻ…..
👍
LikeLiked by 1 person