ഈ ലോകം ഇപ്പോഴും പുറത്തു വരാനാവാതെ ഏതോ വാത്മീകത്തിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. എന്ത് പറയണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയാതെ പകച്ചു നിൽക്കുകയാണ് ഞാനിപ്പോഴും .മറ്റെല്ലാ വാർത്തകളും പോലെ നിസ്സഹായതയുടെ മൂടുപടമണിഞ്ഞ് ഇതും മനസ്സിന്റെ കോണിലേക്ക് തള്ളിക്കളഞ്ഞാലോ എന്ന് പല ഉരു ആലോചിച്ചു. അതിനുള്ള ശ്രമങ്ങൾ പല ആവർത്തി നടത്തുകയും ചെയ്തു.എന്നാൽ ഓരോ തവണ ശ്രമിക്കുമ്പോഴും പിന്നെയും പിന്നെയും എന്നെ വന്ന് തട്ടിയുണർത്തുകയാണ് ആ പിഞ്ചുകരങ്ങൾ. അവന് നൽകാൻ എന്റെ കൈയ്യിൽ ആശ്വാസവാക്കുകളോ സാന്ത്വന ഹസ്തമോ ഒന്നും തന്നെയില്ല. ഒരു പക്ഷേ ഇന്ന് നിനക്ക്അതിന്റെ ആവശ്യം തന്നെയില്ലായിരിക്കാം കാരണം ഇതൊന്നും വേണ്ടാത്ത ലോകത്തേയ്ക്ക് നീ ചുവടുവച്ചിരിക്കുന്നു. എങ്കിലും നിനക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഒരു സ്ത്രീ ഏൽപ്പിച്ച കളങ്കത്തിന് ഞാനും കൂട്ടാളിയാകും. അതു കൊണ്ട് എഴുതുകയാണ്. നിനക്കായി മാത്രം………..
എനിക്കറിയാം നീയും നാളെ മറവിയുടെ മടിത്തട്ടിലേക്ക് വീണു മറയും.ജീവിച്ചിരുന്നപ്പോൾ നിന്നെ ഓർക്കാൻ ശ്രമിക്കാത്ത സമൂഹം നീ മരിച്ചപ്പോൾ കണ്ണുനീർ വാർക്കാൻ ശ്രമിച്ചുവെന്നറിഞ്ഞ് നീ ആശ്വസിക്കുക. കാരണം, ഇതായിരുന്നു നിനക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി. ഇനി അവർക്ക് നിന്നെയോർക്കാൻ സമയമില്ല. അവർ തിരക്കിലാണ്.
കുഞ്ഞേ,
നീ മരണത്തിന് കീഴടങ്ങുകയായിരുന്നില്ല. മറിച്ച് മരണം നിനക്കു മുന്നിൽ മുട്ടുമടക്കുകയായിരുന്നു. നിന്നെ സ്നേഹിക്കുവാൻ ഈ ഭൂമിയിൽ നിനക്കാരുമില്ലായിരുന്നു.നേരിട്ട് ഭൂമിയിലേക്ക് പ്രത്യക്ഷപ്പെടാൻ കഴിയാത്ത ദൈവം തന്റെ മാലാഖയെ കുഞ്ഞിന്നടുത്തേക്കയക്കുെമെന്ന മുത്തശ്ശിക്കഥ കേട്ടായിരുന്നില്ലേ നീയും വളർന്നിരിക്കുക .ചോര ചീന്തി മരണത്തെ വരിക്കുന്നതിനു മുൻപുംആ കഥയിലെ മാലാഖയിൽ ആയിരുന്നില്ലേ കുഞ്ഞേ നീയും വിശ്വസിച്ചിരുന്നത്. അവളെ വിളിച്ചായിരുന്നില്ലേ നീയും കരഞ്ഞത്. ഒടുവിൽ അവൾ തന്നെയല്ലേ നിന്നെ മരണത്തിന് എറിഞ്ഞു നൽകിയത്. അവൾ നിന്റെ അമ്മയായിരുന്നുവോ? അതോ അതും ദൈവത്തിന്റെ കൈയ്യബദ്ധങ്ങളിൽ ഒന്നോ ?!
നീ ഒറ്റയാൾ പോരാളിയല്ല കുഞ്ഞേ. ഇനിയും ഇവിടെ അനേകം “നീ“ മരിച്ചുവീഴും. അന്നും ഈ സമൂഹം ഒരു തുള്ളി കണ്ണീർ പൊഴിക്കുമായിരിക്കാം, ഒരു പക്ഷേ ഞാനോ മറ്റാരെങ്കിലുമോ നിങ്ങൾക്കായി എഴുതിയേക്കാം. അത്രയൊക്കെയേ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കിവൂ. കാരണം ഇത് നിങ്ങൾക്കുള്ള ലോകമല്ല. പിറന്നു വീഴുമ്പോഴേ ആരോഗ്യ ദൃഢഗാത്രൻമാരായി,യൗവ്വന യുക്തരായി ജനിക്കുന്ന, സ്വയം ബുദ്ധിരാക്ഷസന്മാരായി ചമയുന്ന, ബോധത്തിനും അബോധത്തിനുമിടയിൽ സ്വബോധം നഷ്ടപ്പെട്ട ഒരു കൂട്ടം ജനത്തിനിടയിലേക്ക് കളങ്കമില്ലാതെ സ്നേഹവും വിശ്വാസവും മാത്രം കൈമുതലാക്കി നിങ്ങൾ വന്നത് നിങ്ങളുടെ മാത്രം തെറ്റാണ്. ആ തെറ്റിന്റെ ഫലം നിങ്ങൾ അനുഭവിച്ചേ മതിയാകൂ.
ഇനിയെങ്കിലും ഈ ലോകത്തിൽ ഒരു കുഞ്ഞും ജനിക്കാതിരിക്കട്ടെ…… നിങ്ങളെ തൊടുന്നവനെ ശിക്ഷിക്കാൻ ഇവിടെ ഒരു നിയമവുമില്ല.അവരൊക്കെയും നാളെ വീണ്ടും തിരികെ വരും ഒരുപോറൽ പോലുമേൽക്കാതെ. അധികാരത്തിനായി മാത്രം ആർത്തിപൂണ്ട് വെറി പിടിച്ച് നടക്കുന്നവർ രചിക്കുന്നതാണ് ഇന്നിന്റെ നിയമം. അതു കൊണ്ട് ആത്മാർഥമായി ഞാൻ പ്രാർഥിച്ചു പോവുകയാണ് ജനിക്കാതിരിക്കട്ടെ ഒരു കുഞ്ഞും ഇനിയീ ഭൂമിയിൽ .
അച്ഛന്റെ, ആങ്ങളയുടെ, അയൽപ്പക്ക കാരന്റെ, അമ്മയുടെ, അമ്മയുടെ കാമുകന്റെയൊക്കെ വേഷത്തിൽ നിനക്കായി ഈ ഭൂമിയിൽ കാത്തിരിക്കുന്നത് വർണ്ണങ്ങളല്ലെന്ന് നിങ്ങൾ മനസ്സിലാക്കുക. വർണ്ണശബളമായ കമ്പളത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ഇരുട്ട് മാത്രമാണ് അവയെല്ലാം. ദേവാലയത്തിനുള്ളിൽ ഈശ്വരന്റെ കാൽക്കൽ ചതഞ്ഞരഞ്ഞ ബാല്യവും, അമ്മയൊപ്പം നിന്ന് അറുത്തെറിഞ്ഞ കുഞ്ഞ് ജീവിതങ്ങളും പഠിപ്പിക്കുന്ന പാഠം ഇതൊന്ന് മാത്രമാണ് കുഞ്ഞേ;നിനക്കീ ഭൂമിയിൽ ആരുമില്ല. ഇതെഴുതുന്ന ഞാൻ പോലും. ഒരു ദിവസത്തെ കണ്ണുനീർ, കടലാസു തുണ്ടിലെ രണ്ടക്ഷരം ഇവ മാത്രം.എന്നാൽ നാളെയും നിന്നെപ്പോലെ കുഞ്ഞുങ്ങൾ മർദ്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കും. മരച്ചുവീണുകൊണ്ടേയിരിക്കും. ആർക്കും ഒന്നും സംഭവിക്കില്ല. നഷ്ടം നിനക്കു മാത്രം. അതിനാൽ ജനിക്കാതിരിക്കട്ടെ ഒരു കുഞ്ഞും ഇനി ഈ ഭൂമിയിൽ…………………
ആരുണ്യ
മന:ശ്ശാസ്ത്ര വിദ്യാർദ്ധിനി….
👏👌👌👏🤩
LikeLiked by 1 person
Thank u,
LikeLiked by 1 person
You are right, this world is becoming more unsafe for children and women. Even though rules and many things for child and women welfare are there, still these mishaps happen.
LikeLike
കൊള്ളാല്ലോ
LikeLiked by 1 person
Thank u
LikeLike